• 14 Dec 2018
  • 03: 04 AM
Latest News arrow

തന്ത്രിമാര്‍ ജീവനക്കാര്‍ മാത്രം ; തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വത്തിന് അവകാശമുണ്ടെന്ന് കടകം പള്ളി സുരേന്ദ്രന്‍

കെ.പി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന്‌ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരാനാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയില്‍ പി.സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും തന്ത്രിയില്‍പ്പെടും. ശാന്തിക്കാരുടേത് പോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും. ദേവസ്വം ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താന്ത്രിക ജോലി നിര്‍വ്വഹിക്കുമ്പോള്‍  തന്ത്രിമാര്‍ ബോര്‍ഡിലെ ഏതൊരു ജീവനക്കാരനെയും പോലെ ബോര്‍ഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും. തന്ത്രിമാര്‍ക്ക് പൂജ സംബന്ധിച്ചതല്ലാതെ ഭരണപരമായി സംവിധാനങ്ങളില്‍ ഇടപെടാനുളള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍  പറഞ്ഞു. ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍  60 ശതമാനം ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണിതെന്നും പറഞ്ഞതിനെ തുടര്‍ന്നാണ് ശശികലയ്‌ക്കെതിരെ മാനനഷ്ടകേസിന് കോടതിയെ സമീപിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.