മലയാളികള്‍ മാതൃഭാഷയോട് വൈകാരികത കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത്

കൊച്ചി : തമിഴര്‍ക്ക് തമിഴ് ഭാഷയോടുളള വൈകാരികത മലയാളികള്‍ തങ്ങളുടെ ഭാഷയോട് കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത്. മാതൃഭൂമി ബുക്ക്‌സ് സ്റ്റാളില്‍ ഇന്നലെ നടന്ന ഹിമാലയം-യാത്ര,അനുഭവം,എഴുത്ത് എന്ന വിഷയത്തില്‍ വായനക്കാരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയ്ക്കുവേണ്ടി മരിക്കാത്തത് മലയാളിയുടെ കുറവായി കാണരുത്. മറിച്ച് ഭാഷയെന്നത് ആശയവിനിമയത്തിനുളള മാധ്യമമാണെന്ന നമ്മുടെ തിരിച്ചറിവാണ്. ലോകത്തുള്ള വിവിധ ഭാഷകളോടും സംസ്‌കാരങ്ങളോടും ഇത്രയും ഇടപഴകി ജീവിച്ചിട്ടുളള സമൂഹം ഇന്ത്യയില്‍ വേറെയില്ല. ഭാഷയോട് വികാരപരമായ സമീപനം ആവശ്യമില്ലെന്നത് നമുക്ക് ജന്മനാ കിട്ടിയ ബോധമാണ്.
ഒരു കുട്ടി ജനിക്കുമ്പോള്‍ പുതിയൊരു സംസ്‌കാരവുമായാണ് ലോകത്തിലേക്ക് വരുന്നത്. കുട്ടിയെ മാതാപിതാക്കളെക്കാളും അധികം മറ്റ് പലതുമാണ് സ്വാധീനിക്കുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പോസീറ്റീവ് അന്തരീക്ഷത്തില്‍ മാത്രം വളരുന്നവര്‍ക്ക് കഴിയാതെ പോകും. മറ്റുള്ളവരുടെ ആശയങ്ങളെയും മനുഷ്യരെയും അംഗീകരിക്കാന്‍ നമുക്ക് കഴിയണമെന്നും ഷൗക്കത്ത് പറഞ്ഞു.