• 14 Dec 2018
  • 03: 08 AM
Latest News arrow

മത്തങ്ങയെ ഇനി കൊച്ചാക്കണ്ട, 60,000 രൂപയ്ക്കാണ് അബുദാബിയില്‍ ഒരു മത്തങ്ങ വിറ്റുപോയത്

അബുദാബി : ഒരു മത്തങ്ങ ലേലത്തില്‍ വിറ്റുപോയത് 60,000 രൂപയ്ക്ക്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിലാണ് മത്തങ്ങ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വിറ്റത്. 55 കിലോവരുന്ന മത്തങ്ങ വാശിയേറിയ ലേലം വിളിയില്‍ 3000 ദിര്‍ഹത്തില്‍ (60,000 രൂപ) കല അബുദാബിയാണ് സ്വന്തമാക്കിയത്. 

കേരള സോഷ്യല്‍ സെന്ററിലെ സജീവ പ്രവര്‍ത്തകന്‍ എടപ്പാള്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ സെന്ററിന് സംഭാവനയായി നല്‍കിയ മത്തങ്ങയാണ് ലേലത്തിന് വച്ചത്. അബുദാബിയില്‍ ശൈഖ ഫാത്തിമയുടെ രാജകൊട്ടാരത്തിലെ ജീവനക്കാരനായ ഗഫൂറിന് ഹോളണ്ടില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് ലേലം വിളിച്ച ഈ മത്തങ്ങ. ഇത്രയും വലിയ മത്തങ്ങ സ്വന്തമാക്കുന്നതിന് അബുദാബി ശക്തി,യുവകലാസാഹിതി തുടങ്ങിയ സംഘടനകളും നിരവധി വ്യക്തികളും പങ്കെടുത്തു. പത്ത് ദിര്‍ഹത്തിന് ആരംഭിച്ച മത്തങ്ങ ലേലമാണ് ഒടുവില്‍ 3000 ദിര്‍ഹത്തിന് വില്‍പ്പന നടത്തിയത്.

കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ബമ്പര്‍ നറുക്കെടുപ്പില്‍  ഒന്നാം സമ്മാനമായ നിസാന്‍ സണ്ണി കാറിന് കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മണികണ്ഠന്‍ അര്‍ഹനായി. ഇതോടൊപ്പം നടന്ന നറുക്കെടുപ്പില്‍  വിജയികളായ നൂറോളം പേര്‍ക്കും സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.