• 14 Dec 2018
  • 03: 14 AM
Latest News arrow

ഐപിഎല്‍ താരലേലം: ഡിസംബര്‍ 18ന് വൈകിട്ട്

അടുത്ത മാസം 18ന് നടക്കുന്ന ഐപിഎല്‍ താരലേലത്തിന് സമഗ്രമാറ്റം. പഴയ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ താരലേലം തുടങ്ങുക വൈകുന്നേരം മൂന്ന് മണിക്കായിരിക്കും. ഇക്കാര്യത്തിലുളള സ്റ്റാര്‍ സ്‌പോട്‌സിന്റെ നിര്‍ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന ലേലം രാത്രി 9.30 വരെ നീണ്ടുനില്‍ക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ താരലേലത്തിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ജയ്പൂരില്‍ നടക്കുന്ന പുതിയ താരലേലം വൈകിട്ടത്തേയ്ക്ക് മാറ്റാനുളള കാരണം. പ്രൈം ടൈമില്‍ താരലേലം പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പെര്‍ത്ത് ടെസ്റ്റ് അന്ന് നടക്കുന്നതും സമയമാറ്റത്തിന് കാരണമായി. മത്സരത്തിന്റെ അഞ്ചാംദിനത്തിലെ കളി കഴിഞ്ഞ ശേഷമാകും ലേലം.
അതേസമയം ഐപിഎല്ലിന്റെ വേദിമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഐപിഎല്‍ ഗവേര്‍ണിംഗ് ബോഡി അടുത്തു തന്നെ തീരുമാനമെടുക്കും. ഇന്ത്യയ്ക്ക് പുറമെ യുഎഇയും ദക്ഷിണാഫ്രിക്കയുമാണ് ഐപിഎല്‍ വേദിയായി പരിഗണിക്കുന്നത്.