• 14 Dec 2018
  • 03: 16 AM
Latest News arrow

നിങ്ങള്‍ക്ക് തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല; ഈ സ്വര്‍ണമല്ലാതെ; മേരി കോം

ബോക്‌സിങ്ങിന്റെ നെറുകയിലേക്ക് ഇടിച്ചുകയറിയ പെണ്‍കരുത്തിന് അഭിനന്ദനങ്ങളുമായി രാജ്യം. മുപ്പത്തഞ്ചാം വയസ്സിലും തന്റെ കരുത്ത് തെല്ലും ചോര്‍ന്നിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ആറാം തവണയും ലോകചാമ്പ്യനായിരിക്കുകയാണ് ഇടിക്കൂട്ടിലെ റാണി മേരി കോം. 

''ആദ്യമായി ആരാധകര്‍ക്ക് നന്ദി പറയുന്നു. എന്റെ കയ്യില്‍ നിങ്ങള്‍ക്ക് തരാന്‍ ഒന്നുമില്ല. രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടുകയെന്നതല്ലാതെ.'' മത്സരശേഷം മേരി കോം പറഞ്ഞു. 

''ഞാനിന്ന് വളരെ വികാരഭരിതയാണ്. കഴിഞ്ഞ കുറേ നാളുകളായി 48 കിലോ വിഭാഗത്തില്‍ മത്സരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയുമുണ്ടെങ്കില്‍ 2020ല്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാനാകും. റിയോയില്‍ യോഗ്യത നേടാനായിരുന്നില്ല. ഇപ്പോഴും സമ്മര്‍ദ്ദവും ബുദ്ധിമുട്ടുകളുമുണ്ട്. 48 കിലോയില്‍ അനായാസം സ്വര്‍ണം നേടാനാകും. പക്ഷേ 51 കിലോ വിഭാഗത്തില്‍ ബുദ്ധിമുട്ടാണ്. മറ്റ് താരങ്ങളുടെ ഉയരം വെല്ലുവിളിയാകും.'' മേരി കോം പറഞ്ഞു. 

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍  48 കിലോ ഗ്രാം ഫൈനലില്‍ ആറാം സ്വര്‍ണമാണ് മേരികോം ഇടിച്ചെടുത്തത്. ഫൈനലില്‍ യുക്രൈയ്‌ന്റെ ഒഖോട്ടയെ തോല്‍പ്പിച്ചതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമായിരിക്കുകയാണ് 35 കാരിയായ മേരി കോം. ലോക ചാമ്പ്യന്‍ഷിപ്പിലെ മേരി കോമിന്റെ ആകെ മെഡല്‍ നേട്ടം 7ലെത്തുകയും ചെയ്തു. 

വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തില്‍ ഉത്തര കൊറിയയുടെ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോല്‍പ്പിച്ചാണ് മേരി കോം ഫൈനലില്‍ കടന്നത്. ഇതിന് മുമ്പ് ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടിയത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന ഐര്‍ലന്‍ഡിന്റെ കാറ്റി ടെയ്‌ലറെയാണ് മേരി പിന്നിലാക്കിയത്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു മേരിയുടെ ആദ്യ സ്വര്‍ണ വേട്ട.