• 10 Jun 2023
  • 03: 42 PM
Latest News arrow

സ്വവര്‍ഗ ലൈംഗികതയുളള നോവല്‍ എഴുതി: ചൈനയില്‍ എഴുത്തുകാരിക്ക് 10 വര്‍ഷം തടവ്

ബെയ്ജിങ്: സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതിയതിന് ചൈനയില്‍ എഴുത്തുകാരിക്ക് 10 വര്‍ഷം തടവ്. ടിയാന്‍ ടി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലിയുവിന് എതിരെയാണ് നടപടി. 
ലിയുവിന്റെ 'ഒക്യുപ്പേഷന്‍' എന്ന പേരിലുള്ള പുസ്തകത്തില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ ലൈംഗികരംഗങ്ങള്‍ വിവരിക്കുന്നുണ്ട്. പുസ്തകം വിറ്റ് ലാഭമുണ്ടാക്കിയെന്ന കുറ്റത്തിന് ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ വുഹു ജനകീയക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 31നായിരുന്നു ഇത്.
അശ്ലീലസാഹിത്യരചന ചൈനയില്‍ നിയമവിരുദ്ധമാണ്. ലിയുവിന്റെ പുസ്തകത്തിന്റെ ഏഴായിരത്തിലേറെ കോപ്പികള്‍ വിറ്റുപോയിട്ടുണ്ടെന്നും അതില്‍നിന്ന് ഒന്നരലക്ഷം യുവാന്‍ (15 ലക്ഷം രൂപ) ലാഭമുണ്ടാക്കിയെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ 'ഗ്ലോബല്‍ടൈംസ്' റിപ്പോര്‍ട്ടുചെയ്യുന്നു.
അതിനിടെ ലിയുവിന്റെ അറസ്റ്റില്‍ ചൈനീസ് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. പുസ്തകത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ 10 വര്‍ഷം തടവുനല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ ചൈനീസ് സാമൂഹികമാധ്യമമായ വീബോയില്‍ പറഞ്ഞു.