ഇത്തവണത്തെ വാഗ്ഭടാനന്ദ പുരസ്‌കാരം സാഹിത്യകാരന്‍ ടി പത്മനാഭന് സമര്‍പ്പിച്ചു

കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഇത്തവണത്തെ വാഗ്ഭടാനന്ദ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ടി പത്മനാഭന് സമര്‍പ്പിച്ചു. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കി. ജാതീയമായ വേര്‍തിരിവും മതപരമായ ഭിന്നതയും ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇതിനെ പിന്നോട്ട് നയിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ സമൂഹത്തിന് മാതൃകയും പാഠവുമായി മാറിയ ഡോക്ടര്‍ രാമകൃഷ്ണന്‍ പാലാട്ടിന് മികച്ച സേവന പ്രവര്‍ത്തനത്തിനുളള പാലേരി കണാരന്‍ മാസ്റ്റര്‍ പുരസ്‌കാരവും അദ്ദേഹം ചടങ്ങില്‍ നല്‍കി. പ്രളയത്തെ അതിജീവിച്ച ജനത ഇന്ന് അതിലും വലിയ ആപത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുരസ്‌കാര ജേതാവ് ടിപത്മനാഭന്‍ പറഞ്ഞു.
മലബാറിലെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി നിലപാടുകള്‍ പ്രഖ്യാപിക്കുകയും നിലനിന്നിരുന്ന സാമൂഹിക അനീതികള്‍ക്കും ജന്മത്വ ചൂഷണങ്ങള്‍ക്കുമെതിരെ പിന്മടക്കമില്ലാത്ത പോരാട്ടത്തിന് നേതൃത്വം നല്‍കിയ വാഗ്ഭടാനന്ദ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ പുതുതലമുറകള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് യു.എല്‍.സി.സി വാഗ്ഭടാനന്ദ പുരസ്‌കാരം സമര്‍പ്പിക്കുന്നത്. ഗതാഗതവകുപ്പ്മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.