• 06 Dec 2022
  • 05: 10 PM
Latest News arrow

പെണ്‍കരുത്തില്‍ കുരുത്ത കൗതുകങ്ങള്‍

കോഴിക്കോട്: സ്ത്രീകള്‍ ഒഴിവു സമയങ്ങളില്‍ വീട്ടില്‍ കുത്തിയിരുന്ന് ടിവി കണ്ടും 'കിസ്സ'പറഞ്ഞും സമയം കളയുന്നവരല്ലെന്ന് വിളിച്ചോതുന്ന ഒരു പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിച്ചു. വനിതകളുടെ മനസ്സിലെ കലാബോധവും കരവിരുതും ഈ പ്രദര്‍ശനത്തില്‍ പ്രകടമായിരുന്നു. ഗുണഭോക്താക്കള്‍ ഒരാഴ്ചത്തെ പരിശീലനം വഴി നേടിയ വൈദഗ്ദ്യമാണ്  ആകര്‍ഷമായ ഈ കൗതുകവസ്തുക്കളില്‍ പ്രതിഫലിക്കുന്നു എന്നതാണ് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹരണ ബാങ്ക് സംഘടിപ്പിച്ച ഈ കരകൗശല മേളയുടെ പ്രത്യേകത.

നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരത്തിലേറെ വീട്ടമ്മമാര്‍ക്ക് ഒരു വര്‍ഷക്കാലം ഗ്രൂപ്പ്തിരിച്ച്  കരകൗശല പരിശീലനം നല്‍കിയിരുന്നു. സാരി ഡിസെനിംഗ്, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, പൂപ്പാത്ര നിര്‍മ്മാണം, വിവിധ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, എണ്ണഛായചിത്രങ്ങള്‍, മെറ്റല്‍ ഇമ്പോസിംഗ്, ഹാന്‍ഡ് ബാഗ് നിര്‍മ്മാണം തുടങ്ങിയ ഇനങ്ങളിലായിരുന്നു പരിശീലനം.
ഈ രംഗത്തെ പ്രൊഫഷനലുകളുടെ നിര്‍മ്മിതികളെപ്പോലും വെല്ലുന്നതായിരുന്നു ഈ പുതുക്കക്കാരുടെ സംരംഭം.
അഞ്ച് ദിവസത്തെ പ്രദര്‍ശനം കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ അണിനിരന്നവരെല്ലാം സ്ത്രീകളാണെന്നത് ഈ സഹകരണ ബാങ്ക് വനിതകള്‍ക്ക് നല്‍കുന്ന പ്രാമുഖ്യത്തിന്റെയും അംഗീകാരത്തിന്റെയും ഉദാഹരണമാണെന്ന് റോസക്കുട്ടി പറഞ്ഞു.