• 16 Nov 2018
  • 02: 14 PM
Latest News arrow

ചരിത്രത്തിലെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ജര്‍മനി

ഒരിടവേളക്കു ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവിന്റെ സൂചനകൾ നൽകി ഹോളണ്ട്. 2014ലെ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ പ്രകടനത്തിനു ശേഷം ഹോളണ്ടിനു പിന്നീടങ്ങോട്ടു നല്ലകാലമായിരുന്നില്ല. റഷ്യൻ ലോകകപ്പിനു യോഗ്യത നേടാതിരുന്ന ടീം മുൻ ബാഴ്സ താരം കൂമാന്റെ കീഴിലാണ് ഇപ്പോൾ കളിക്കുന്നത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഓറഞ്ച് പട ജർമനിയെ തകർത്തത്.

ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജർമനിയെ നയിച്ച പരിശീലകനെന്ന നേട്ടം ജോക്വിം ലോ സ്വന്തമാക്കിയ മത്സരത്തിലാണ് മുൻ ലോക ചാമ്പ്യന്മാർ നാണം കെട്ടത്. വിർജിൽ വാൻ ഡൈക്ക്, മെംഫിസ് ഡിപേയ്, വൈനാൾഡം എന്നിവരാണ് ഹോളണ്ടിനു വേണ്ടി ഗോളുകൾ നേടിയത്. ചരിത്രത്തിലാദ്യമായാണ്  ജർമനിക്കെതിരെ ഹോളണ്ട് മൂന്നു ഗോളുകൾക്ക് വിജയം നേടുന്നത്.

ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ഹോളണ്ടായിരുന്നു ഒരു പടി മുന്നിൽ. മുന്നേറ്റനിര ഒന്നു കൂടി ഭാവനാപൂർണമായി കളിച്ചിരുന്നെങ്കിൽ ഇതിലും മികച്ച വിജയം അവർക്കു സ്വന്തമാക്കാമായിരുന്നു.അവസാന രണ്ടു ഗോളുകൾ കളിയുടെ അവസാന പത്തു മിനുട്ടുകളിലായിരുന്നു പിറന്നത്. റഷ്യൻ ലോകകപ്പിൽ സ്വീഡനെതിരെ 2-1ന് വിജയം നേടിയതിനു ശേഷം പ്രധാന മത്സരങ്ങളിൽ ഇതു വരെ ഗോൾ നേടാൻ ജർമനിക്കു കഴിഞ്ഞിട്ടില്ല. ഇതിനിടയിൽ ഒരു സൗഹൃദ മത്സരത്തിൽ പെറുവിനോട് വിജയം നേടിയതു മാത്രമാണ് അവർക്ക് ആശ്വാസം. അടുത്ത മത്സരത്തിൽ ഫ്രാൻസിനെയാണ് ജർമനി നേരിടാനൊരുങ്ങുന്നത്.