• 18 Oct 2018
  • 08: 31 PM
Latest News arrow

കൊരട്ടിയിലും ഇരുമ്പനത്തും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു

കൊച്ചി : സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു.തൃശ്ശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പുണിത്തുറയിലുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്.എ.ടി.എം തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്നത് മൂന്നംഗ സംഘമാണെന്ന് തിരിച്ചറിഞ്ഞു. പിക്കപ്പ് വാനിലെത്തി ഇവര്‍ കവര്‍ച്ച നടത്തുന്ന ദൃശ്യം പോലീസിന് ലഭിച്ചു. കൊരട്ടിക്കും ഇരുമ്പനത്തിനും പുറമേ കോട്ടയത്ത് രണ്ടിടങ്ങളിലും ഇതേ സംഘം കവര്‍ച്ചാ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 

തൃപ്പുണിത്തുറ ഇരുമ്പനത്തെ എസ്.ബി.ഐ കൗണ്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. ഇവിടെ നിന്നും 25ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. തൃശ്ശൂരില്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചിലെ എടിഎം കൗണ്ടര്‍ തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു.ഇവിടെ ഭിത്തി തുരന്ന് മോഷണം നടത്തിയെന്നാണ് വിവരം.ഇവിടങ്ങളില്‍ എത്തുന്നതിന് മുമ്പ് കവര്‍ച്ചാ സംഘം കോട്ടയം കുറുവിലങ്ങാടും വെമ്പള്ളിയിലും എ.ടി.എം കൗണ്ടറുകളില്‍ മോഷണത്തിന് ശ്രമിച്ചു. എന്നാല്‍ ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ഇരുമ്പനത്തെ  എടിഎമ്മില്‍ നിന്ന് 11.30നാണ് അവസാനമായി പണം പിന്‍വലിച്ചത്. അതിനാല്‍തന്നെ രാത്രി പതിനൊന്നരയ്ക്കും പുലര്‍ച്ചെ 3.30നും ഇടക്കാണ് മോഷണം നടന്നെന്നാണ് പ്രാഥമിക നിഗമനം.ഷട്ടര്‍ അടച്ചിട്ട ശേഷമായിരുന്നു എടിഎം മെഷീന്‍ തകര്‍ത്ത് പണം കവര്‍ന്നത്. എടിഎമ്മിലെ ക്യാമറയില്‍ പെയിന്റ് സ്പ്രേ ചെയ്ത് മറച്ചശേഷമായിരുന്നു മോഷണം. രണ്ടു വര്‍ഷം മുമ്പ് ഇതേ എടിഎം കല്ലുകൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ അത് വിജയിച്ചിരുന്നില്ല.രണ്ടിടത്തും നടന്ന മോഷണങ്ങള്‍ സമാനരീതിയിലുളളതായതിനാല്‍ ഒരേ സംഘം തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന്  കരുതുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ് പറഞ്ഞു.

മോഷണങ്ങള്‍ക്ക് പിന്നില്‍ അന്യ സംസ്ഥാനക്കാരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിന് കാര്യമായി ഒന്നും കണ്ടെത്താനായിട്ടില്ല. വിരലടയാള വിദഗ്ദര്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ എ.ടി.എം തകര്‍ത്ത് പണമെടുക്കുന്ന സംഭവം  സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.