• 12 Dec 2018
  • 12: 04 PM
Latest News arrow

'മീ ടൂ'വില്‍ കുരുങ്ങി അക്ബര്‍; നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി

പരാതിയുമായി ഒമ്പത് വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: 'മീ ടൂ' ക്യാമ്പയിനില്‍ ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശകാര്യസഹമന്ത്രിയും മുന്‍മാദ്ധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെ നടപടിയെടുക്കാനൊരുങ്ങി ബി.ജെ.പി. നൈജീരിയയിലുള്ള അക്ബറിനോട് പരിപാടി വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് വിവരം. ഒമ്പതോളം വനിതാ മാദ്ധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. രാത്രിയില്‍ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയുടെ ആരോപണമാണ് അക്ബറിനെതിരെ ആരോപണ പ്രവാഹത്തിന് തുടക്കമിട്ടത്. തുടർന്ന് വിവിധ മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു എട്ട് വനിതകളും രംഗത്തെത്തുകയായിരുന്നു.

ലൈംഗികാരോപണം നേരിടുന്ന അക്ബര്‍ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.