• 18 Oct 2018
  • 08: 32 PM
Latest News arrow

ശബരിമല: മലക്കംമറിഞ്ഞ് ദേവസ്വം ബോര്‍ഡ്; സ്ത്രീകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തില്ല

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന തളളി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. തുടര്‍നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. 
പതിനെട്ടാം പടിയില്‍ വനിതാ പൊലീസുകാരെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ശബരിമലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു.ഇവരെ തടയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. ആരോടും ചര്‍ച്ചയ്ക്കും തയ്യാറാണ്. കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയ എന്‍എസ്എസിന്റെ നിലപാടാണ് ശരിയെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.