• 18 Dec 2018
  • 05: 51 PM
Latest News arrow

ഹോളിവുഡിലോ ബോളിവുഡിലോ വിശുദ്ധന്മാരില്ലെന്ന് ശോഭാ ഡേ

മുംബൈ: ‘ലൈംഗിക പീഡനങ്ങളെ അതിജീവിച്ചവര്‍ പറയുന്നത് വിശ്വസിക്കാത്തവരോട് സഹതാപം മാത്രം. സിനിമയില്‍ മാത്രമല്ല, മറ്റ് മേഖലകളിലും അദൃശ്യമായി ഇതെല്ലാം നടക്കുന്നുണ്ട്.’ എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ മീടൂ ക്യാമ്പയിനിങിനെ അനുകൂലിച്ച് പറഞ്ഞ വാക്കുകളാണിത്.

ലൈംഗീക പീഡനത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയവരെ അനുകൂലിക്കാത്തവരോടും, അവരെ വിശ്വസിക്കാത്തവരോടും സഹതാപം മാത്രമാണുള്ളത്. എന്തെന്നാല്‍ ഭാവിയില്‍ ഇവര്‍ക്ക് ഒളിക്കാന്‍ സ്ഥലമില്ലാതെയാകും. സത്യം എന്നും സത്യമായി അവശേഷിക്കും. എന്നാല്‍ നിങ്ങള്‍ അവളെ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നിങ്ങള്‍ ആരാണ് എന്നതിന്റ പ്രതിഫലനമാണെന്ന് ശോഭാ ഡേ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പേര് വെളിപ്പെടുത്താതെയുള്ള തുറന്നുപറച്ചിലുകള്‍ എന്തിനാണ് എന്നത് മനസ്സിലാകുന്നില്ല. അത് നീതിരഹിതമാണ്. സോഷ്യല്‍ മീഡിയ അജ്ഞാത വിവരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തെറ്റ് ചെയ്തവര്‍ക്ക് അതിന് പിന്നില്‍ ഒളിക്കാന്‍ കഴിയും. അത് വീണ്ടും തെറ്റ് ചെയ്യാന്‍ ഉള്ള ധൈര്യവും പ്രചോദനവും നല്‍കുന്ന രീതി ആണ്.

എനിക്ക് വ്യക്തിപരമായി മീടൂഅനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ല. എന്നുവച്ച് അനുഭവങ്ങള്‍ പങ്കുവച്ചവരോട് എനിക്കുള്ള സഹതാപമോ സഹാനുഭൂതിയോ ഇല്ലാതാക്കാന്‍ സാധിക്കില്ല. കായികം, രാഷ്ട്രീയം, എഴുത്ത് തുടങ്ങി എല്ലാ മേഖലയിലും ലൈംഗീക ചൂഷണം നടക്കുന്നുണ്ട്.ഹോളിവുഡിലോ, ബോളിവുഡിലോ വിശുദ്ധന്മാരില്ല. എല്ലാവരും ആക്ടിവിസ്റ്റുകള്‍ ആവണമെന്നോ, എല്ലാ കാര്യത്തിലും പ്രതികരിക്കണം എന്നോ അല്ല ഞാന്‍ പറയുന്നത്. കുറഞ്ഞ പക്ഷം ഒരു സഹപ്രവര്‍ത്തക കണ്‍മുന്നില്‍ വച്ച് അക്രമിക്കപ്പെടുമ്പോള്‍ എങ്കിലും മനുഷ്യന്റെ നീതി ബോധം ഉണരണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്ന് ശോഭാ ഡേ പറഞ്ഞു.