• 18 Dec 2018
  • 05: 57 PM
Latest News arrow

നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന്

ഛത്തീസ്ഗഢിൽ രണ്ടുഘട്ടം

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ഛത്തീസ്ഗഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി.റാവത്ത് പറഞ്ഞു.

ഛത്തീസ്ഗഡ്‌ നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും. രണ്ട് ഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബര്‍ 20നാണ്. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുക.തെലങ്കാനയിലെ തിരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും.

രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും.  ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പത്രികയില്‍ രേഖപ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനായി നാമനിര്‍ദേശ പത്രികയില്‍ പ്രത്യേക കോളം ഉണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മധ്യപ്രദേശില് ആകെ 231 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാന്‍ നിയമസഭയില്‍ 200 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. 40 സീറ്റിലേക്കാണ് മിസോറാം നിയസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.