• 20 Oct 2018
  • 04: 28 AM
Latest News arrow

പിന്നെ എന്തിനായിരുന്നു നീ പ്രതീക്ഷ നല്‍കിയത്; ബാലുവിന്റെ വിയോഗത്തില്‍ കണ്ണീരോടെ സംഗീത ലോകം

വയലിനില്‍ മാസ്മരിക സംഗീതം തീര്‍ത്ത ബാലഭാസ്‌കര്‍ മടങ്ങുമ്പോള്‍ കണ്ണീരോടെ വിടനല്‍കുകയാണ് സംഗീത ലോകം. പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ' ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിഹാസമേ നീ ദീര്‍ഘനാള്‍ ജീവിക്കുകയെന്നാണ് ഫെയ്‌സ്ബുക്കില്‍ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ദേവസി എഴുതിയത്. ബാലുവിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഗായിക മഞ്ജരി ഫേസ്ബുക്കില്‍ കുറിച്ചു.
വാക്കുകള്‍ കൊണ്ട് വിട പറയാനാവില്ലെന്നും അപ്രതീക്ഷിതമായ വേര്‍പ്പാട് മറക്കാനാവില്ലെന്നും നടന്‍ ദിലീപ് കുറിച്ചു. വയലിന്‍ തന്ത്രികള്‍ നിലച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ബാലു വേറെങ്ങും പോയിട്ടില്ലെന്നും ഒരിക്കലും പോകുകയുമില്ലെന്നും നടി മഞ്ജു വാര്യര്‍ കുറിച്ചു. 
സംഗീത ലോകത്തിന് ഒരു പ്രതിഭയെ നഷ്ടമായെന്നും താങ്ങാന്‍ കഴിയാത്ത വിയോഗമാണ് ഇത്. ബാലുവിന്റയും മകളുടെയും വേര്‍പാടിലൂടെ ഉണ്ടാകുന്ന അതിതീവ്രമായ ദുഖം താങ്ങുന്നതിന് ലക്ഷ്മിക്ക് കരുത്ത് ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നതായി സുജാത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മകളുടെ കൂടെ ചേരുന്നതിനായി  ബാലുച്ചേട്ടന്‍ യാത്രയായി. ഈ വിയോഗം ഞങ്ങളെ വേദനിപ്പിക്കുന്നു.  പക്ഷേ ബാലുച്ചേട്ടന്റെ സംഗീതം വേറെ ലോകത്ത്  അതിരുകള്‍ ഇല്ലാത്ത നിലനില്‍ക്കുമെന്ന് ഗായിക ശ്വേതാ മോഹന്‍ പറഞ്ഞു.