• 20 Oct 2018
  • 04: 40 AM
Latest News arrow

മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ദുബായിൽനിന്ന് നാടുകടത്തും

ദുബായ് : രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടിവരും. മൂന്നുവർഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാർക്കും സന്ദർശകർക്കും ഇതു ബാധകമാണ്. ദുബായിലെ ഷോപ്പിങ് മാളിൽ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയ്ക്കെതിരെ അറബ് വനിത നൽകിയ പരാതിയെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ അവരുടെ ശരീരം മറയ്ക്കാൻ 'അബായ' നൽകിയിരുന്നു. ഇതു ട്വിറ്ററിൽ ചർച്ചയായതിനെ തുടർന്നാണ് നിയമവൃത്തങ്ങൾ  വിശദീകരണവുമായി രംഗത്തെത്തിയത് . 

സ്ത്രീയായാലും പുരുഷനായാലും പൊതുസ്ഥലങ്ങളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെങ്കിൽ ആറുമാസം മുതൽ മൂന്നു വർഷം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ . മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകൾ ദുബായിലെ മിക്ക മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റുകളിലുംഈ അറിയിപ്പുണ്ട് .

താമസക്കാരായാലും സന്ദർശകരായാലും ഷോപ്പിങ് മാളുകൾ,റസ്റ്ററന്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോൾ കാൽമുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കുന്നതാണ് മാന്യതയെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സുതാര്യമായ വസ്ത്രങ്ങളും ഒഴിവാക്കണം. ബീച്ചുകൾ, നീന്തൽക്കുളങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേക മേഖലകളിൽ  അതിനു യോജിച്ച വസ്ത്രങ്ങൾ ധരിക്കാം. നിയമം പുരുഷന്മാർക്കും ബാധകമാണ്. ഓരോ രാജ്യത്തിന്റെയും നിയമങ്ങളും സദാചാര മൂല്യങ്ങളും പാലിക്കാൻ സന്ദർശകർ ബാധ്യസ്ഥരാണെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .