• 18 Oct 2018
  • 08: 24 PM
Latest News arrow

പിണക്കമില്ല ഇനി ഇണക്കം...ഒന്നിച്ചായി ജോയ് മാത്യുവും ഡോ.ബിജുവും

അടൂര്‍: സംവിധായകന്‍ ഡോ. ബിജുവും നടന്‍ ജോയ് മാത്യുവും തമ്മിലുളള പിണക്കത്തിന് സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്. ഇരുകൂട്ടരും തമ്മിലുളള അഞ്ച് വര്‍ഷത്തെ കേസിനാണ് ഒത്തുതീര്‍പ്പായത്. ഇനി ഒന്നിച്ചുള്ള സിനിമയെ കുറിച്ചുള്ള പദ്ധതിയാണ് മനസ്സിലുളളതെന്ന് ഇരുവരും പ്രതികരിച്ചു. 
ഷട്ടറിന് ദേശീയ അവാര്‍ഡ് നിഷേധിച്ചെന്നാരോപിച്ച് ജോയ് മാത്യു തന്നെ വിളിച്ച് അസഭ്യം പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജു 2013ല്‍ കേസ് കൊടുത്തിരുന്നത്. തന്നോട് മാപ്പ് പറഞ്ഞാല്‍ കേസ് ഒത്തുതീര്‍പ്പാക്കുമെന്ന് ബിജു പറഞ്ഞിരുന്നുവെങ്കിലും ജോയ്മാത്യു മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി.
രണ്ടു പേരുടേയും വാദം കേട്ട കോടതി ഇരുവര്‍ക്കും തമ്മില്‍ സംസാരിക്കാന്‍ അവസരം നല്‍കി. അഭിഭാഷകരുടെ മുറിയിലെത്തിയ ഇരുവരും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. പിന്നീട് കോടതിക്ക് പുറത്തെത്തി ഇരുവരും തോളില്‍ കൈയിട്ടാണ് കേസും പിണക്കവും അവസാനിപ്പിച്ചതിന്റെ സന്തോഷം പങ്കിട്ടത്. ഇതൊരു സൗഹൃദപ്പിണക്കമാണെന്നും വൈകാരികപ്രകടനമായിട്ട് കണ്ടാല്‍മതിയെന്നുമായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.