• 18 Dec 2018
  • 05: 46 PM
Latest News arrow

ഒരു താരവിവാഹത്തിനുകൂടി അരങ്ങൊരുങ്ങി

പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പരുപള്ളി കശ്യപും വിവാഹമണ്ഡപത്തിലേക്ക്

ഹൈദരാബാദ് : സൂപ്പര്‍ ദമ്പതികളാകാനൊരുങ്ങി കായികലോകത്തുനിന്ന് വീണ്ടും രണ്ടു താരങ്ങള്‍. ഇത്തവണ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പരുപള്ളി കശ്യപും ആണ്  വിവാഹമണ്ഡപത്തിലേക്ക് കാലെടുത്തുവെക്കുന്നത് . പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഹൈദരാബാദ് സ്വദേശികളായ ഇരുവരും ഈ വരുന്ന ഡിസംബര്‍ 16 ന്  വിവാഹിതരാകാന്‍ തീരുമാനിച്ചത് .

ഡിസംബര്‍ 16 ന് നടക്കുന്ന വിവാഹച്ചടങ്ങില്‍ വളരെയടുത്ത നൂറോളംപേര്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നാണറിയുന്നത് . എന്നാല്‍ 21 നു നടക്കുന്ന സല്‍ക്കാരം അതിഗംഭീരമാകുമെന്നാണ് ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ പറയുന്നത്.

പ്രണയത്തിലാണെന്ന് ആര്‍ക്കും സൂചനകള്‍ നല്‍കാതെ സഹകളിക്കാരായ കിഡംബി ശ്രീകാന്ത് , എഛ് .എസ് പ്രണോയ് , ഗുരുസൈദത്ത് തുടങ്ങിയവരോടൊപ്പമായിരുന്നു ഇവരുടെ കറക്കം . തന്റെ സുഹൃത്തും പ്രാക്ടീസ് പാര്‍ട്ണറും മാത്രമാണ് സൈന എന്നായിരുന്നു കശ്യപ് എപ്പോഴും പറഞ്ഞിരുന്നത് . എന്നാല്‍ സംശയം തോന്നി ആരെങ്കിലും പ്രണയത്തെക്കുറിച്ച് ചോദിച്ചാല്‍ സൈനയും കശ്യപും സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. 
 
2005 ല്‍ പുല്ലേല ഗോപിചന്ദിന്റെ കീഴില്‍ പരിശീലനം നടത്തുമ്പോഴാണ് സൈനയും കശ്യപും പ്രണയബദ്ധരാകുന്നത് . ഇന്ത്യയുടെ ഷട്ടില്‍ ബാഡ്മിന്റണ്‍ സൂപ്പര്‍സ്റ്റാറായ സൈന നെഹ്‌വാള്‍ പ്രധാനപ്പെട്ട ഇരുപതോളം മത്സരങ്ങളില്‍ കിരീടം നേടിയിട്ടുണ്ട് . കൂടാതെ ഒളിമ്പിക്‌സില്‍ വെങ്കലമെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും നേടിയിട്ടുണ്ട് .2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ബാഡ്മിന്റണില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ കശ്യപ് , ഒരിക്കല്‍ ലോകറാങ്കിങ്ങില്‍ ആറാം സ്ഥാനത്തായിരുന്നു. എന്നാല്‍ പരിക്കുകള്‍ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിലങ്ങുതടിയായി. 

ബാഡ്മിന്റണ്‍  സൂപ്പര്‍ ദമ്പതികളായ ഇന്തോനേഷ്യയുടെ സൂസന്‍ സുശാന്തി - അലന്‍ ബഡികുസുമ  ,ചൈനയുടെ ലിന്‍ഡന്‍-  സീ സിംഗ്ഫാങ് , ബ്രിട്ടന്റെ ക്രിസ് - ഗാബി അഡ് കോക് , ഇന്ത്യയുടെ തന്നെ മധുമിത ഗോസ്വാമി - വിക്രം സിംഗ് ബിഷ്ട് , സയീദ് മോഡി- അമിത കുല്‍ക്കര്‍ണി എന്നിവരുടെ നിരയിലേക്കാണ് 28 വയസ്സുള്ള ദീപികയും 32 വയസ്സുള്ള കശ്യപും എത്തുന്നത്. 

ദീപിക പള്ളിക്കല്‍- ദിനേശ് കാര്‍ത്തിക്, ഇഷാന്ത് ശര്‍മ്മ- പ്രതിമ സിംഗ് , ഗീത ഫോഗട്- പവന്‍ കുമാര്‍, സാക്ഷി മല്ലിക് - സത്യവ്രത് കടിയാന്‍ എന്നിവരാണ് ഈയടുത്ത് കായികലോകത്ത്‌നിന്ന്  വിവാഹിതരായ ദമ്പതികള്‍ .