• 12 Dec 2018
  • 11: 09 PM
Latest News arrow

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍

ദുബായ്: യു.എ.ഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടിയതായി കണക്കുകള്‍. യു.എ.ഇയിലെ കേന്ദ്ര ബാങ്കാണ് വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ആറ് മാസം കൊണ്ട് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 17.32 ബില്യണ്‍ ദിര്‍ഹമാണ്. ഏകദേശം 33,000 കോടിയിലധികം ഇന്ത്യന്‍ രൂപ.
2017ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 13.1 ശതമാനം വര്‍ധനവാണ് യു.എ.ഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ ഉണ്ടായിരിക്കുന്നത്. 2017 ലെ ആദ്യ രണ്ട് പാദങ്ങളില്‍ 77.8 ബില്യണ്‍ ദിര്‍ഹമായിരുന്നു യു.എ.ഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഒഴുകിയതെങ്കില്‍, ഈ വര്‍ഷം ഇതു വരെ 88 ബില്യണ്‍ ദിര്‍ഹം അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ അടക്കം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പണം അയക്കുന്നത് കൂടാനുള്ള പ്രധാന കാരണമായി  വിലയിരുത്തപ്പെടുന്നത്.
8.5 ശതമാനമുള്ള പാകിസ്ഥാനാണ് നാട്ടിലേക്ക് പണമയക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത്. 3.55 ബില്യന്‍ ദിര്‍ഹമാണ് പാകിസ്ഥാനിലേക്ക് അയച്ചത്. ഫിലിപ്പൈന്‍സ് (7.1 ശതമാനം), ഈജിപ്ത് (5.4 ശതമാനം), യു.എസ് (4.9 ശതമാനം), ബ്രിട്ടന്‍ (3.8 ശതമാനം), ബംഗ്ലാദേശ് (2.6 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്ക്.