ദ്യുതി ചന്ദിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി പത്ര പ്രവര്‍ത്തകന്‍ സുന്ദീപ് മിശ്ര

വിലക്കുകളെ അതിജീവിച്ച് ഇന്ത്യന്‍ കായിക രംഗത്ത് താരമായി ഉദിച്ചുയര്‍ന്ന ദ്യുതി ചന്ദിന്റെ ജീവിതം പുസ്തകമാകുന്നു. എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ സുന്ദീപ് മിശ്രയാണ് പുസ്തകം എഴുതുന്നത്.വെസ്റ്റ്‌ലാന്‍ഡ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.
ദ്യുതി ചന്ദിന്റെ കഥ എല്ലാവര്‍ക്കും പ്രചോദനമാകുന്നതാണെന്ന് വെസ്റ്റ്‌ലാന്‍ഡ് സി.ഇ.ഒ ഗൗതം പത്മനാഭന്‍ പറഞ്ഞു.ഉദിച്ചുയരുന്ന ഒരു താരത്തിന്റെ സത്യസന്ധവും വൈകാരികവുമായ വിവരണം എന്നാണ് എഴുത്തുകാരന്‍ സുന്ദീപ് മിശ്ര പുസ്തകത്തെക്കുറിച്ച് വിശേഷിപ്പിച്ചത്.പുസ്തകം അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.
അടുത്ത കാലത്ത് രാജ്യം കണ്ട മികച്ച അത്‌ലറ്റുകളില്‍ ഒരാളായിട്ടും കടുത്ത വിലക്കുകളാണ് ദ്യുതിക്ക് അനുഭവിക്കേണ്ടി വന്നത്. ശരീരത്തില്‍ അളവില്‍ കൂടുതല്‍ പുരുഷ ഹോര്‍മോണ്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്ക് നേരിട്ട ദ്യുതി നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്.