• 20 Oct 2018
  • 04: 34 AM
Latest News arrow

ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീണു

കോട്ടയം:  നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബിഷപ്പിനെ വൈക്കം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തെളിവുകളും മൊഴികളും അടക്കം കേസില്‍ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. രാജ്യത്താദ്യമായാണ് പീഡന കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.
തൃപ്പുണിത്തുറ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഓഫീസിലെ ഹൈടെക് സെല്ലില്‍ നിന്നായിരുന്നു ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍. കോട്ടയം എസ്.പി ഹരിശങ്കര്‍, വൈക്കം ഡി.വൈ.എസ്.പി സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പത്തിലേറേ തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്തിരുന്നത്. 
150 ചോദ്യങ്ങളിലാണ് ഫ്രാങ്കോ മുളക്കലില്‍ നിന്നും പൊലീസ് വിശദീകരണം തേടിയത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ്, പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങളാണ് ഉള്ളതെന്ന് മറുപടി നല്‍കി.
മിക്ക തെളിവുകളും എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നാണ് ബിഷപ്പിന്റെ പക്ഷം. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരി ആണെന്നും, മിഷനറീസ് ഓഫ് ജസ്റ്റിസ് തസ്തികയില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ഫ്രാങ്കോ മുളക്കല്‍ പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും, അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു. ബിഷപ്പിനെ 
വൈദ്യ പരിശോധനക്കായി വിധേയനാക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.