• 12 Dec 2018
  • 11: 12 PM
Latest News arrow

കശ്മീരില്‍ ഭീകരര്‍ 3 പോലീസുദ്യോഗസ്ഥരെ വെടിവെച്ചുകൊന്നു

കൊല നടത്തിയത് ജോലി രാജിവെക്കാന്‍ ആവശ്യപ്പെട്ട്

ജമ്മു: കശ്മീരിലെ ഷോപിയാനില്‍ ഭീകരര്‍ 3 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. കാപ്രാന്‍ ഗ്രാമത്തിലെ നാല് സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ ഇവരെ തോക്കുചൂണ്ടി പുറത്തിറക്കി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. ഇതില്‍ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് രക്ഷപ്പെടുത്തി .  ബാക്കി മൂന്നുപേരുടെയും മൃതദേഹങ്ങള്‍ വെടിയുണ്ടയേറ്റ നിലയില്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തി. ജോലി രാജിവെക്കാനാവശ്യപ്പെട്ടായിരുന്നു പോലീസുകാര്‍ക്ക് നേരെ ഭീകരര്‍ അക്രമം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

കേന്ദ്രത്തിന്റെ തന്ത്രങ്ങളൊന്നും ഭീകരരുടെ അടുത്ത് വിലപ്പോവുന്നില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു . അതെ സമയം , കശ്മീര്‍ ഭീകരര്‍ക്ക് വലുതായൊന്നും ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും പ്രതിഷേധ സമരങ്ങളും കല്ലെറിയലും കുറഞ്ഞുവെന്നും ഇതിന്റെ അരിശം തീര്‍ക്കാനാണ് പൊലീസുകാരെ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 

ജോലി രാജിവെക്കുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുകയോ ചെയ്യണമെന്ന് പോലീസുദ്യോഗസ്ഥരോട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ ആവശ്യപ്പെടുന്ന വീഡിയോ  ഈയാഴ്ചയാദ്യം  കശ്മീരിലെ ഗ്രാമങ്ങളില്‍ പ്രചരിച്ചിരുന്നു.