• 23 Sep 2023
  • 02: 44 AM
Latest News arrow

അത്ഭുതങ്ങളില്ല ബാറ്റിങ്നിര ശക്തം

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അത്ഭുതങ്ങളില്ലെങ്കിലും ഒന്നോ രണ്ടോ കളിക്കാരുടെ പേരില്‍ ചിലപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികം. ക്രിക്കറ്റിന് ഇന്ത്യയില്‍ 20 കോടി കാണികള്‍ ഉണ്ടെങ്കില്‍ അത്രയും തന്നെയോ ഏതാണ്ട് അതിന്റെ മുക്കാല്‍ ഭാഗമോ സെലക്ടര്‍മാരുമുണ്ടാവും. ശക്തമാണ് ഇന്ത്യയുടെ ബാറ്റിങ് നിര. 30 അംഗ സാധ്യതാപട്ടികയില്‍ യുവരാജ്‌സിങ് ഇല്ലായിരുന്നുവെങ്കിലും അടുത്തിടെ രഞ്ജി ട്രോഫിയില്‍  മൂന്ന് സെഞ്ച്വറികള്‍  നേടിക്കൊണ്ട് ഈ കളിക്കാരന്‍  ഒരു തിരിച്ചുവരവിനുള്ള അര്‍ഹത പ്രഖ്യാപിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സാധ്യത വിദൂരമായിരുന്നു എന്നതാണ്  വാസ്തവം. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ അതായിരുന്നേനെ അത്ഭുതം.

യുവരാജിനെ എടുക്കണമെങ്കില്‍ അമ്പാട്ടി റായുഡുവിനെ ബലികൊടുക്കേണ്ടി വരുമായിരുന്നു. റായുഡുവിനെയോ അല്ലെങ്കില്‍ ഒരു ബൗളറെയോ ബലി കൊടുത്തുകൊണ്ട് യുവരാജിനെ ഉള്‍പ്പെടുത്തുന്നതിന് സാധ്യതയില്ലായിരുന്നു. ക്യാപ്റ്റന്‍ ധോണിയും യുവരാജിന് അനുകൂലമായിരുന്നില്ലെന്ന് പറയപ്പെടുന്നു.

മറ്റുള്ള കളിക്കാരൊടൊപ്പം യുവരാജിനെയും പരിഗണിച്ചതായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

ഇപ്പോള്‍ ഓസ്‌ട്രേല്യയില്‍ കളിച്ചുവരുന്ന ഇഷാന്ത് ശര്‍മയ്ക്ക് തന്റെ പരിചയസമ്പന്നതയാണ് തുണയായത്.അന്തിമ ഓവറുകളില്‍ റണ്‍സ് വഴങ്ങേണ്ടി വരുന്നത് ഇഷാന്തിന് പ്രതികൂല ഘടകമായിരുന്നു. എന്നാല്‍, ഓസ്‌ട്രേല്യയിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ഇഷാന്ത് കൂടുതല്‍ ഉപകരിക്കുമെന്ന് സെലക്ടര്‍മര്‍ കരുതുന്നു.

ഓസ്‌ട്രേലിയയില്‍ നന്നായി കളിച്ചു വരുന്ന മുരളിവിജയിന് സാധ്യതയുണ്ടായിരുന്നുവെങ്കിലും ഒരു ഏകദിന കളിക്കാരന്റെ സമീപനമല്ല അദ്ദേഹത്തിന്റെ കളിക്കുള്ളത്. കൂടുതല്‍ ആക്രമിച്ചു കളിക്കുന്ന ശിഖര്‍ ധവാനും ഏകദിനങ്ങളില്‍ ഉജ്വലമായി കളിക്കാന്‍ കഴിയുന്ന രോഹിത് ശര്‍മയും മുന്നില്‍ കടന്നുവന്നത് സ്വാഭാവികം. ടെസ്റ്റ് മത്സരങ്ങളില്‍ ധവാന്‍ കഷ്ടപ്പെട്ടുവെങ്കിലും ഏക ദിനങ്ങളില്‍ അന്തരീക്ഷം വ്യത്യസ്തമാണ്. മികച്ച ഫീല്‍ഡറുമാണ് ധവാന്‍. അചിങ്ക്യ രഹാനെ ടീമിലുള്ള സ്ഥിതിക്ക് ഒരു എക്‌സ്ട്രാ ഓപ്പണറെ ടീമില്‍ ആവശ്യമില്ലെന്നും സെലക്ടര്‍മാര്‍ ചിന്തിച്ചിരിക്കാം. പകരം ഒരു ഓള്‍റൗണ്ടറുടെ സേവനം കൂടുതല്‍ വിലപ്പെട്ടതായിരിക്കും എന്ന് കരുതിയ സ്ഥിതിക്ക്  സ്റ്റ്യൂവര്‍ട്ട് ബിന്നിക്ക് നറുക്ക് വീണു. അത്തരമൊരു കളിക്കാരന്‍ ടീമിന് ആവശ്യമാണു താനും.

ഏകദിന മത്സരങ്ങള്‍ക്ക് അനുയോജ്യമായ കളി കൈവശമുള്ള രവീന്ദര്‍ ജഡേജക്ക് പരിക്കുള്ളതു കാരണം ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചു വരേണ്ടി വന്നുവെങ്കിലും ജഡേജ എളുപ്പത്തില്‍ ഒഴിവാക്കാവുന്ന കളിക്കാരനായിരുന്നില്ല. ജഡേജയ്ക്ക് ഇക്കാലത്തിനിടയില്‍ പൂര്‍ണ സുഖം പ്രാപിച്ച് തിരിച്ചുവരാനാവും. 10 ദിവസത്തിനുള്ളില്‍ ജഡേജയ്ക്ക് പരിശീലനം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് സഞ്ജയ് പട്ടേല്‍ പറയുന്നു.

പേസ് ബൗളര്‍മാരില്‍ ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ മിക്കവാറും സ്ഥാനം ഉറപ്പാക്കിയിരുന്നു. ടെസ്റ്റില്‍ റണ്‍സ് വഴങ്ങിയിരുന്നുവെങ്കിലും വിക്കറ്റെടുക്കാനുള്ള കെല്പാണ് യാദവിന് അനുകൂലമായ ഘടകം. 20കാരനായ ഇടങ്കൈ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ ഏകദിന മത്സരങ്ങളില്‍ തനിക്ക് അടുത്ത കാലത്ത് ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിച്ച കളിക്കാരനാണ്.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെ ഓസ്‌ട്രേല്യയിലും ന്യൂസീലന്‍ഡിലുമായാണ് ലോക കപ്പ് നടക്കുക.        ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ട്കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പിന് തിരഞ്ഞെടുത്ത ടീമിലുള്ളവര്‍ക്ക് പുറമെ ത്രിരാഷ്ട്ര മത്സരങ്ങളിലേക്കുള്ള ടീമില്‍  മീഡിയം പേസര്‍മാരായ ധവള്‍ കുല്‍ക്കര്‍ണി, മോഹിത് ശര്‍മ എന്നിവരെയും ഉള്‍പ്പെടുത്തി. ഒരു പുതുതാരത്തെ ടീമില്‍ എടുക്കേണ്ടിയിരുന്നതെങ്കില്‍ ആ സ്ഥാനത്തിന് അര്‍ഹന്‍ അക്ഷര്‍ തന്നെയായിരുന്നു. മലയാളി സഞ്ജു സാംസണ്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും ക്യാപ്റ്റന്‍ തന്നെ വിക്കറ്റ് കീപ്പറായ സ്ഥിതിക്ക് സഞ്ജുവിന് സ്ഥാനം ലഭിക്കാന്‍ യാതൊരു സാധ്യതയമുണ്ടായിരുന്നില്ല.