• 20 Oct 2018
  • 04: 26 AM
Latest News arrow

സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്ക് സഹായം തേടും

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കാനായി ലോക ബാങ്കിന്റെ സഹായം തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ പ്രളയ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ കേരളത്തെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്നായിരുന്നു ലോക ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അറിയിച്ചിരുന്നത്.

ലോക ബാങ്കില്‍ നിന്നും സഹായം തേടുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ധന വകുപ്പ് വ്യക്തമാക്കി. ഏകദേശം 20,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തിലൂടെ സംസ്ഥാനത്തിനുണ്ടായതെന്നാണ് ഔദ്യോഗിക കണക്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കേരളത്തിനായി നല്‍കിയത് 600 കോടി രൂപയാണ്. ദുരന്തം മറികടക്കാന്‍ കൂടുതല്‍ തുകവേണമെന്നാവശ്യപ്പെട്ടതിന്റെ പശ്ചാതലത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയയും കേരളത്തിലെത്തും.

കേരളത്തിന് കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. പ്രളയംമൂലമുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ ഉള്‍പ്പടെ കേരളം വിശദമായ നിവേദനം സമര്‍പ്പിക്കണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര മന്ത്രിതല സമിതി സന്ദര്‍ശനം നടത്തി വിശകലനം നടത്തിയ ശേഷമായിരിക്കും കൂടുതല്‍ സഹായം നല്‍കുക. ഏതെല്ലാം മേഖലകകളിലാണ് നഷ്ടങ്ങള്‍ സംഭവിച്ചതെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശമാദമായ പദ്ധതികളും കേരളം സമര്‍പ്പിക്കുന്ന നിവേദനത്തിലുണ്ടാകണം. നിവേദനം ലഭിച്ചു കഴിഞ്ഞ ശേഷമാണ് മന്ത്രിതല സമിതി സന്ദര്‍ശനം നടത്തുക. സമിതി നാശനഷ്ടങ്ങങ്ങള്‍ വിലയിരുത്തി കണക്കുകള്‍ വിലയിരുത്തും. പിന്നീട് ഉന്നത തല സമിതി കേരളത്തിന് നല്‍കേണ്ട സഹായത്തില്‍ തീരുമാനമെടുക്കും.

അതേസമയം, പ്രളയത്തില്‍ സംസ്ഥാനത്തെ 34,732 കിലോമീറ്റര്‍ റോഡും 218 പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവ നന്നാക്കിയെക്കാന്‍ 5815 കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തകര്‍ന്നവ പുനര്‍നിര്‍മ്മിച്ച് പരിപൂര്‍ണ പ്രവര്‍ത്തനയോഗ്യമാക്കാന്‍ കുറഞ്ഞത് ഒന്നര വര്‍ഷമെങ്കിലും വേണ്ടി വരും. പൊതു മരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടലാണിത്.