• 20 Oct 2018
  • 04: 30 AM
Latest News arrow

പ്രളയദുരിതം: ഇന്ത്യയിലെ യുഎഇ സ്ഥാനപതി കേരളം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: യുഎഇ നല്‍കുന്ന സഹായധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കും. ഈ ആഴ്ചയില്‍തന്നെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. ദുരിതബാധിതരോടും മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ വിവിധ സംഘടനകളോടും ബന്ന സംസാരിച്ചേക്കും. പ്രളയ ബാധിത സംസ്ഥാനത്തിന് 700 കോടി രൂപ യുഎഇ സഹായധനം നല്‍കുമെന്നും ഇല്ലെന്നുമുള്ള ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കിടെയാണു സ്ഥാനപതിയുടെ സന്ദര്‍ശന വിവരം പുറത്തുവരുന്നത്. 

കഴിഞ്ഞയാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനാണു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 700 കോടി രൂപയുടെ സഹായ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പിന്നാലെ സ്വന്തമായി പുനരധിവാസം നടത്താന്‍ കെല്‍പ്പുണ്ടെന്നു കാട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അതു നിരസിച്ചെന്നും വാര്‍ത്തവന്നു. മാത്രമല്ല, കേരളം നുണ പറയുകയാണെന്നും പിന്നീട് പ്രചാരണമുണ്ടായി. ഇതിനു പിന്നാലെ, സഹായധനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന നിലപാടുമായി സ്ഥാനപതി ബന്ന തന്നെ രംഗത്തു വരികയും ചെയ്തു.