• 20 Oct 2018
  • 04: 25 AM
Latest News arrow

ദുരിതത്തിനിടയിലും നിരക്ക് പത്തിരട്ടി കൂട്ടി ആകാശക്കൊള്ള

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പുകള്‍ ലംഘിച്ച് വിമാനയാത്രക്കൂലിയില്‍ വന്‍ വര്‍ധന. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ദുബായ് ഉള്‍പ്പെടെയുള്ള വിദേശനഗരങ്ങളിലേക്കും പത്തിരട്ടി വരെയാണ് നിരക്കു കൂടിയത്. ബലി പെരുന്നാള്‍, ഓണം അവധികളും നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടതും മുതലെടുത്ത് തീവെട്ടിക്കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്.

കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ നിരക്ക് അമിതമായി വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയില്‍ തന്നെയാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ബെംഗളൂരുവില്‍ നിന്ന് കൊച്ചി നാവിക വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന അലയന്‍സ് എയറില്‍ ബുധനാഴ്ച ടിക്കറ്റ് നിരക്ക് 6816 രൂപയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 6000-9000 രൂപയും. മറ്റു വിമാന സര്‍വീസുകളില്‍ തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കും തിരികെയുമുള്ള ഇന്നത്തേക്കുള്ള ടിക്കറ്റുകള്‍  5200-11,000 നിരക്കില്‍ ലഭ്യമാണ്.

കൊച്ചി നാവിക വിമാനത്താളത്തില്‍ നിന്ന് ഏതാനും ഫ്‌ളൈറ്റുകള്‍ മാത്രമേ ഉള്ളുവെങ്കിലും അവയെല്ലാം നിറഞ്ഞാണു പോകുന്നത്. 70 സീറ്റ് മാത്രമുള്ള എടിആര്‍ വിമാനങ്ങളാണ്. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും മാത്രമാണ് ഇന്നലെ സര്‍വീസ് ഉണ്ടായിരുന്നത്. ആകെ ഏഴ് സര്‍വീസ് മാത്രം. 

കോഴിക്കോട് വിമാനത്താവളം വഴി പല ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കും ടിക്കറ്റ് കിട്ടാനില്ല. ബുധനാഴ്ച പെരുന്നാള്‍ ആയതിനാല്‍ വ്യാഴാഴ്ച മുതല്‍ വന്‍നിരക്ക് നല്‍കിയാലേ ടിക്കറ്റ് കിട്ടൂ. കോഴിക്കോട്ടുനിന്നു ജിദ്ദയിലേക്ക് 27നേ ടിക്കറ്റുള്ളൂ. 55,000 രൂപയാണു നിരക്ക്.