• 11 Dec 2018
  • 07: 02 AM
Latest News arrow

ജലനിരപ്പ് ഉയര്‍ന്നു.. മുല്ലപെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി: ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു പുലര്‍ച്ചെ വീണ്ടും തുറന്നു. ആറു ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.
സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കുറവുണ്ട്. 2400.07 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകള്‍ .ആറു മീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. 200 ക്യുമ്പക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
അതേസമയം, രക്ഷാപ്രവര്‍ത്തനം അവസാനിച്ചെങ്കിലും മിക്കയിടങ്ങളിലും ദുരിതം പിടിവിടാതെ തുടരുകയാണ്. കോട്ടയത്തെ കുമരകം, വൈക്കം മേഖലകളില്‍ വെള്ളപ്പൊക്കം തുടരുകയാണ്. വീടുകളിലെ വെള്ളമിറങ്ങാത്തതിനാല്‍ ഈ മേഖലയിലെ അരലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുകയാണ്. കുട്ടനാട്ടില്‍ ഇപ്പോഴും ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല. വേമ്പനാട്ട് കായലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയുണ്ടായ വെള്ളക്കെട്ട് ആലപ്പുഴയിലെ നഗരപ്രദേശങ്ങളില്‍ തുടരുകയാണ്.