• 21 Sep 2018
  • 04: 35 PM
Latest News arrow

നെടുമ്പാശേരി വിമാന താവളം ഈ മാസം 26ന് തുറക്കും

പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാന താവളം ഈ മാസം 26ന് തുറക്കും. ദിവസങ്ങളോളമായി അടച്ചിട്ട വിമാന താവളം തുറക്കുമെന്ന് സിയാല്‍ അറിയിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ചു പരിശോധിക്കും.രണ്ടര കിലോമീറ്റര്‍ നീളത്തില്‍ ഇടിഞ്ഞ ചുറ്റുമതില്‍, വെള്ളം കയറി പ്രവര്‍ത്തന രഹിതമായ ബാഗേജ് സ്‌കാനറുകളും എക്‌സ്‌റേ യന്ത്രങ്ങളും നിരീക്ഷണ ക്യാമറകളും മാറ്റി സ്ഥാപിക്കും. വിമാനത്താവളത്തിന് നഷ്ടം 250 കോടി രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക കണക്ക്.

വിമാനത്താവളത്തിലെ റണ്‍വേയിലും ടാക്‌സി വേയിലും വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും വെള്ളം വലിഞ്ഞു. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പിലുമെല്ലാം വെള്ളം കയറിയിരുന്നു. ഇവിടങ്ങളെല്ലാം വൃത്തിയാക്കുകയും അണു വിമുക്തമാക്കുകയുമാണ് ആദ്യ ദൗത്യം. ഇതിനായി 200 പേരെ ഏര്‍പ്പെടുത്തി. റണ്‍വേയിലെ ചെറിയ തകരാറുകള്‍ പരിഹരിക്കാന്‍ മൂന്നു മില്ലിങ് യന്ത്രങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു.

വിമാനത്താവളത്തിനു ചുറ്റുമുള്ള മതില്‍ പലയിടത്തും ഇടിഞ്ഞത് സുരക്ഷാ പ്രശ്‌നമാണ്. മതില്‍ കെട്ടുന്നതിനു കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ തല്‍ക്കാലം ലോഹഷീറ്റുകള്‍ വച്ച് മറയ്ക്കാനുള്ള ജോലിയും ആരംഭിച്ചു. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു. ടെര്‍മിനല്‍ ശുചീകരണ ജോലികളാണു പുരോഗമിക്കുന്നത്. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും.