• 16 Nov 2018
  • 01: 38 PM
Latest News arrow

ദുരിതാശ്വാസക്യാമ്പില്‍ മരിച്ച സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം

തൊടുപുഴ: ദുരിതാശ്വാസ ക്യാമ്പില്‍ മരിച്ച ചിത്തിരപുരം സ്വദേശി സുബ്രഹ്മണ്യന്റെ (65) മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസല്‍ സെന്റ് ആന്‍സ് ദേവാലയത്തിലാണ് സുബ്രഹ്മണ്യനെ സംസ്‌കരിച്ചത്. വെള്ളപ്പൊക്കമായതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് സ്ഥലം കിട്ടിയിരുന്നില്ല. രൂപത വികാരി ജനറല്‍ ഫാ.ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പിലിന്റെ അനുമതിയോടെയാണ് മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചത്.

ചിത്തിരപുരം ഗവഎച്ച്എസ്എസില്‍ തുടങ്ങിയ ക്യാമ്പിലായിരുന്നു സുബ്രഹ്മണ്യന്‍ താമസിച്ചിരുന്നത്. സുബ്രഹ്മണ്യന്റെ മരണത്തിന് ശേഷം ഈ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിെയ സെന്റ് ആന്‍സ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളിപ്പറമ്പിലിനെ മൃതദേഹം സംസ്‌കരിക്കാന്‍ ഇടമില്ലാത്ത വിവരം സുബ്രഹ്മണ്യന്റെ മകന്‍ സുരേഷും മരുമകന്‍ മണിയും അറിയിച്ചു. തുടര്‍ന്ന് ഫാ. ഷിന്റോ വിജയപുരം രൂപത വികാരി ജനറലുമായി ബന്ധപ്പെടുകയും സംസ്‌കരിക്കാനുളള അനുമതി നേടിയെടുക്കുകയുമായിരുന്നു.