• 18 Dec 2018
  • 05: 44 PM
Latest News arrow

കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: പ്രശസ്ത കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അന്ത്യം. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമര്‍ശനം നടത്തിയ കവിയായിരുന്നു അദ്ദേഹം. ലളിതമായ ഭാഷയില്‍ അതിശക്തമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന ചെമ്മനം കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും പാതയില്‍ ഭാഷാസാഹിത്യ സേവനം നടത്തി ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു.

കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7നാണ് ജനനം. പിറവം സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള ഭാഷയിലും സാഹിത്യത്തിലും റാങ്കോടെ ഓണേഴ്‌സ് ബിരുദം നേടി. പിറവം സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, പാളയംകോട്ട സെയ്ന്റ് ജോണ്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കേരള സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

'ആളില്ലാ കസേരകള്‍' എന്ന കവിത ഏറെ പ്രശസ്തമായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമര്‍ശനങ്ങള്‍ മര്‍മത്തു തന്നെ കൊള്ളുന്നവയായിരുന്നു.

ഭാര്യ: ബേബി ടീച്ചര്‍ (റിട്ട. പ്രധാനാധ്യാപിക). മക്കള്‍: ഡോ. ശോഭ (അമൃത ആശുപത്രി എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കള്‍: ഡോ. ജോര്‍ജ് പോള്‍ (അമൃത ആശുപത്രി എറണാകുളം), ഡോ. ചെറിയാന്‍ വര്‍ഗീസ് (യു.കെ.)

മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. യു.കെ.യില്‍നിന്ന് മകള്‍ എത്തിയ ശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം മണ്ണുക്കുന്നേല്‍ സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയിലാണ് ശവസംസ്‌കാരം.