• 12 Dec 2018
  • 11: 23 PM
Latest News arrow

ഇ-സിഗരറ്റുകള്‍ നിരോധിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇലക്ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) നിരോധിക്കുന്നതിനുള്ള നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഉല്‍പാദനം, വില്‍പന, വിതരണം എന്നിവ ഘട്ടംഘട്ടമായി അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. 
ഇ-സിഗരറ്റ്, നിക്കോട്ടിന്‍ ഉള്‍പ്പെടുന്ന ഇ-ലിക്വിഡ് എന്നിവയുടെ ഉല്‍പാദനം ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ടിന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്) ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇ-സിഗരറ്റിന്റെ വില്‍പന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണു സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്.
വളരെ ചുരുക്കം രീതിയിലുള്ള നിക്കോട്ടിന്‍ ഉപയോഗം മാത്രമാണു ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് അനുസരിച്ച് അനുവദിച്ചിട്ടുള്ളത്. ഇലക്ട്രോണിക്, വേപ്പര്‍, ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റം (എന്‍ഡ്‌സ്), ഇ-സിഗരറ്റ്, ഇ-ലിക്വിഡ് എന്നിവ ഇതില്‍  ഉള്‍പ്പെടില്ലെന്നും അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ ഇ-സിഗരറ്റിന്റെ നിര്‍മാണം, ഉപയോഗം എന്നിവ ഘട്ടംഘട്ടമായി നിരോധിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. വിഷയം 21നു വീണ്ടും പരിഗണിക്കും.