• 19 Jun 2019
  • 05: 41 PM
Latest News arrow

കൊമ്പില്ലാത്ത 'മീശയെ' ആര്‍ക്കാണ് ഭയം?

നോവലിലെ മൂന്നു  അധ്യായം പ്രസിദ്ധീകരിച്ചശേഷം  വാരിക 'മീശ' വടിച്ചതെന്തിന്?  ഉടനെയൊന്നും പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  പരസ്യ പ്രസ്താവന നടത്തിയ നോവലിസ്റ്റ് എസ്. ഹരീഷ്ഒരാഴ്ചയ്ക്കകം പുസ്തകം പുറത്തിറക്കിയതെങ്ങിനെ?അത്യാവശ്യം വിവാദങ്ങള്‍ ഉയര്‍ത്തിയ മീശ നോവല്‍ വായിച്ചവരില്‍ ഉയര്‍ന്ന് വരുന്ന സംശയങ്ങളുടെ ചുരുക്കമിതാണ്. 

 25 അദ്ധ്യായങ്ങളും 328 പേജുമുള്ള നോവലില്‍ 'കഥയുടെ ഭ്രാന്ത് 'എന്ന തലക്കെട്ടിലുള്ള രണ്ടാമദ്ധ്യായത്തിലാണ് സാംഘികളെയോ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചില കുറിപ്പ് എഴുത്തുകാരേയോ ഭ്രാന്ത് പിടിപ്പിച്ചിട്ടുള്ള പരാമര്‍ശങ്ങള്‍. അതിങ്ങിനെ:
  കഥാകൃത്ത് മകനോടൊപ്പം കാലത്ത് നടക്കാനിറങ്ങിയപ്പോള്‍ കൂടെ കൂടിയ സുഹൃത്തുമായി  ഒരമ്പലത്തിന് സമീപമെത്തി. രാവിലെ കുളിച്ച് ക്ഷേത്രത്തില്‍ പോകുന്ന വെളുത്ത സുന്ദരികളെ കണ്ടു.
 പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങിനെ  കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്?  സുഹൃത്ത്.
 പ്രാര്‍ത്ഥിക്കാന്‍- കഥാകൃത്ത് പറഞ്ഞു.
 അല്ല,  നീ ഒന്നു കൂടി സൂക്ഷിച്ചു നോക്കൂ. ഏറ്റവും നല്ല  വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈഗിംകബന്ധത്തില്‍ എര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണവര്‍- സുഹൃത്ത്
 മണ്ടത്തരം പറയാതെ- കഥാകൃത്ത് പ്രതികരിച്ചു.
 'അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്. തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ് പ്രത്യേകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നുവല്ലൊ പണ്ട് ഇക്കാര്യത്തില്‍ ആശാന്മാര്‍'- സുഹൃത്ത്. 
 ഈ സുഹൃത്ത് വ്യായാമം കൊണ്ട് ശരീരത്തെ കബളിപ്പിക്കാനാവാതെ ഹൃദയാഘാതം മൂലം മരിച്ചെന്നും കഥാകൃത്ത് പറഞ്ഞു വെക്കുന്നു.
 മേല്‍പറഞ്ഞ ഡയലോഗുകള്‍ ഉന്നത നീതി പീഠം പറഞ്ഞത് പോലെ കൗമാരക്കാരുടെ സംഭാഷണമല്ല. വിവിരവും വിദ്യാഭ്യാസമുള്ള മുതിര്‍ന്നവര്‍ തമ്മിലുള്ള വര്‍ത്തമാനമാണ്.
 അത് പോട്ടെ, ഈ  സംഭാഷണത്തില്‍ എന്താണ് വായനക്കാരെ പ്രകോപിപ്പിക്കുമാറുള്ള  വാക്കുകള്‍. ഇതിലേറെ ജുഗുപ്‌സാപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ  കഥകളും നോവലുകളും മലയാളത്തിലുണ്ടായിട്ടുണ്ട്. മാത്രമല്ല ഏറെ ലജ്ജാകരമായ ചില  കണ്ടെത്തലുകളും അനുഭവ വിവരണവുമാണ് പുസ്തകത്തിലെ 294-ാം പേജില്‍ 'ഗുസ്തി 'എന്ന അദ്ധ്യായത്തിലുള്ളത്.
 വാവച്ചന്‍  എന്ന മീശകാരനായ കഥാനായകന്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട എട്ട് സ്ത്രീകളെപ്പറ്റി പറയുന്നുണ്ട്. അത് പക്ഷെ ആ  സ്ത്രീകളുടെ ജാതിയെ, സമുദായത്തെ വ്യക്തമാക്കുമാറ് പണ്ടുകാലത്ത് നാട്ടിന്‍ പുറങ്ങളില്‍ പ്രചാരത്തിലുള്ള വിശേഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.  മാത്രമല്ല ലൈംഗിക ബന്ധത്തില്‍  ഏര്‍പ്പെട്ടുവെന്നതിന് പണ്ടുകാലത്ത്  പറഞ്ഞു കേട്ട തികച്ചും ഗ്രാമ്യമായ 'പൂശുക' എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതും. അതുകൊണ്ടും തീര്‍ന്നില്ല.
 'പാമ്പും 00000 ( ഈ വാക്ക്  എഴുതുന്നില്ല. സ്ത്രീകളുടെ ഒരവയവത്തെ ക്കുറിച്ചാണ് പരാമര്‍ശം)ഒത്തു കിട്ടിയാല്‍ അന്നേരെ അടിച്ചോണം, നോക്കി നിന്നാല്‍ കയ്യീന്ന് പോകും'. 
ഈ ഭാഗം പുസ്തകം പുറത്തു വന്നതിന് ശേഷമാണ് വായനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാസ്തവത്തില്‍ മേല്‍ പറഞ്ഞ  പരമാര്‍ശത്തില്‍ കേരളത്തിലെ വനിതാ സംഘടനകളായിരുന്നു പ്രതിഷേധമുയര്‍ത്തേണ്ടിരുന്നതെന്ന് തോന്നുന്നു. കാരണം സ്ത്രീ വിരുദ്ധതയാണ് അതില്‍ മുഴച്ചു നില്‍ക്കുന്നത്.
 നോവല്‍ മൂന്നു ലക്കം പ്രസിദ്ധീകരിച്ച മാതൃഭൂമി വാരികയുടെ  പത്രാധിപസമിതി പുസ്തകം വായിച്ചു നോക്കാതെയാവില്ലല്ലൊ പ്രസിദ്ധീകരണത്തിന് തയ്യാറായത്.  പ്രസിദ്ധീകരണയോഗ്യമെന്ന് ബോദ്ധ്യപ്പെടാതെ അച്ചു നിരത്താനും സാദ്ധ്യതയില്ല. പിന്നെ എന്തുകൊണ്ടാണ് നിര്‍ത്തിക്കളഞ്ഞത്?
  നോവലിസ്റ്റ് പിന്‍വലിച്ചത് കൊണ്ടാണെന്ന് പറയാമെങ്കിലും അത് മാത്രമല്ല കാരണമെന്നാണ് ശ്രൂതി. പ്രതിഷേധക്കാരും വിമര്‍ശകരും മാതൃഭുമി മാനേജ്‌മെന്റിനെ ബന്ധപ്പെട്ട്  നോവല്‍ നിര്‍ത്തിയില്ലെങ്കില്‍ വാരികയും പത്രവും നിര്‍ത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. അങ്ങിനെ നോവലിസ്റ്റുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കൊണ്ടു പിന്‍വലിപ്പിച്ച്് പ്രതിഷേധത്തിന്റെ മുനയൊടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച്  മാതൃഭുമിയുടെതായി വന്ന വിശദീകരണത്തില്‍ സമൂഹ മാധ്യമങ്ങളിലെ  ആക്ഷേപത്തെക്കുറിച്ച്  പറയുന്നുണ്ട്. കൂട്ടത്തില്‍, മാതൃഭൂമിയുടെ വരിക്കാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആരോ പിന്നിലുണ്ടെന്നും ആരോപിക്കുന്നു. 
 വരിക്കാരെ തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അത് ഏതെങ്കിലും പത്ര സ്ഥാപനമാവണമല്ലൊ. അത് മനോരമയോ, മാധ്യമമോ, ദേശാഭിമാനിയോ, കേരള കൗമുദിയോ  ആവണം. ഈ പത്രങ്ങള്‍ക്ക് വരിക്കാരെ കൂട്ടാന്‍ സംഘപരിവാറുകാര്‍  മാതൃഭൂമിയെ തേജോവധം ചെയ്യാന്‍ മുന്നിട്ടുറങ്ങുമെന്ന് കരുതുന്നത് മൗഢ്യം. മാത്രമല്ല മേല്‍പറഞ്ഞ പത്രങ്ങളൊന്നും സംഘപരിവാറുകാര്‍ വഴി പത്രത്തിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ തല്‍പ്പരരാവുമെന്ന് കരുതാന്‍ ന്യായമില്ല.  ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള ജന്മ ഭൂമി പത്രം നോവല്‍ പ്രസിദ്ധപ്പെടുത്തിയിന്റെ പേരില്‍ മാതൃഭുമി വായിക്കരുതെന്ന് എഴുതിയിരുന്നുവെന്നത് ശരി. പക്ഷെ  മാതൃഭുമി വായനക്കാര്‍ മാതൃഭൂമി നിര്‍ത്തി ജന്മഭൂമി വാങ്ങുമെന്ന് കരുതാനും  നിര്‍വ്വാഹമില്ല.ചുരുക്കത്തില്‍ നോവലിന്  പ്രചാരണം ലഭിക്കാനുള്ള വഴി മാതൃഭൂമിയും തുറന്നു കൊടുത്തുവെന്ന് കരുതണം.
മീശ ഉടന്‍ പുസ്‌കമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, സമൂഹം വൈകാരികത അടങ്ങിയ നോവല്‍ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടുവെന്ന് തോന്നുമ്പോള്‍ പുറത്തിറക്കാമെന്നുമാണ് മാതൃഭൂമിയില്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നുവെന്ന അറിയിപ്പില്‍ നോവലിസ്റ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രസ്താവന വന്ന് എട്ടാം ദിവസം കോട്ടയത്ത് ഡിസി ബുക്ക്‌സ് പുസ്തകം പുറത്തിറക്കി. അതായത് മീശയുടെ വൈകാരികത ഉള്‍ക്കൊള്ളാന്‍ മലയാളി വായനക്കാര്‍ക്ക് ഒരാഴ്ചയേ വേണ്ടതുള്ളൂവെന്ന് ഗ്രന്ഥകാരന്‍ കരുതിയെന്നര്‍ത്ഥം. ഡിസി ബുക്ക്‌സിന് നേരെയും  വിമര്‍ശനവും പ്രതിഷേധവും നോവല്‍ കത്തിക്കലുമൊക്കെ നടന്നുവെങ്കിലും  അതിലൊന്നും കൂസാതെ പുസ്തകം പ്രസിദ്ധീകരിച്ച ഡിസി രവിയെ അഭിനന്ദിക്കണം. 
  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നോവലിസ്റ്റ് ഹരീഷ് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ  പുരസ്‌ക്കാരങ്ങള്‍  നേടിയ എതാനും കൃതികളുടെ കര്‍ത്താവാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മദ്ധ്യതിരുവിതാംകൂറിലെ സാമൂഹ്യ പശ്ചാത്തലത്തില്‍  എഴുതിയ നോവലില്‍ ചില   വാക്കുകളും പ്രയോഗങ്ങളും പുതിയ തലമുറയ്ക്ക് ഇഷ്ടമാവുമോ നമ്മുടെ സംസ്‌ക്കാരത്തിന്  അനുയോജ്യമോ  എന്ന്  ആലോചിക്കാമായിരുന്നുവെന്ന് പറയാതെ വയ്യ.