• 18 Dec 2018
  • 05: 58 PM
Latest News arrow

ഡി.സി ബുക്‌സിലൂടെ 'മീശ' വീണ്ടും മുളച്ചു...

മാതൃഭൂമി പ്രസിദ്ധീകരണമവസാനിപ്പിച്ച, സംഘ്പരിവാറിന്റെ ഭീഷണികള്‍ ഉയര്‍ന്ന,എസ്. ഹരീഷിന്റെ നോവല്‍ മീശ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചു. 328 പേജുളള പുസ്തകത്തിന്റെ അച്ചടി ചൊവ്വാഴ്ച പൂര്‍ത്തിയായി. പുസ്തകം സംസ്ഥാനത്തിന് അകത്തും പുറത്തുമുളള ഡിസി ബുക്‌സിന്റെ എല്ലാ ശാഖകളിലും എത്തിച്ചതായി മാനേജര്‍ എ.വി ശ്രീകുമാര്‍ അറിയിച്ചു. പുസ്തകത്തിന്റെ വില്‍പ്പന ഇന്നുമുതല്‍ ആരംഭിക്കും. 299 രൂപയാണ് വില. പ്രത്യേക പ്രകാശന ചടങ്ങുകളൊന്നും ഉണ്ടാവില്ല. നോവലിസ്റ്റ് എസ്. ഹരീഷിനും ചടങ്ങ് നടത്തുന്നതിനോട് യോജിപ്പില്ല.നോവലിന്റെ കവറിലെ കുറുവടി യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും അതൊരു രാഷ്ട്രീയ നിലപാടാണെന്നും കവര്‍ ഡിസൈന്‍ ചെയ്ത പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

പുസ്തകം പുറത്തിറക്കുന്ന വിവരം പുറത്തുവന്നതോടെ രവി ഡിസിക്കും ഡിസി ബുക്‌സിനും എതിരെ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒറ്റപ്പാലം സ്വദേശിക്കെതിരെയാണ് പരാതി. ഇയാളെ പിടികൂടാനുളള നീക്കത്തിലാണ് പൊലീസ്. നോവല്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ ഉയര്‍ന്ന ഭീഷണി ഗൗരവമായി കാണാന്‍ ആഭ്യന്തര വകുപ്പ് കോട്ടയം, പാലക്കാട് എസ്പിമാര്‍ക്കും നിര്‍ദേശം നല്‍കി. അന്വേഷണവും ഊര്‍ജിതമാണ്. 

മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു. എന്നാണ് ഡി.സി ബുക്‌സ് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ...

പ്രിയമുള്ളവരേ, 
എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.

സ്‌നേഹത്തോടെ
ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം