കൊത്ലയില് ഡല്‍ഹിക്ക് വീണ്ടും പിഴച്ചു, കെകെആറിന് മൂന്നാം ജയം

ന്യൂഡല്‍ഹി: കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സ് ബൗളര്‍മാര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 146 റണ്‍സില്‍ തളച്ചു. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ തന്റെ നാല് ഇന്നിംഗ്സില്‍ മൂന്നാമത്തെ അരസെഞ്ച്വറി നേടിയതോടെ കെകെആര്‍ 18.1 ഓവറില്‍ നാലു വിക്കറ്റിന് ആ സ്കോര്‍ മറികടന്നു. ഐപിഎല്‍ എട്ടാം സീസണില്‍ കെകെആറിന്റെ മൂന്നാമത്തെ ജയമാണിത്.
ഡിഡി ബാറ്റ്സ്മാന്മാര് ഗുണം കുറഞ്ഞ സ്ട്രോക്കുകള്‍ തിരഞ്ഞെടുത്തതോടെ അവരുടെ ശ്രമങ്ങള്‍ വേഗം തീര്‍ന്നു. ഒരു കൂട്ടുകെട്ടിന് മുള പൊട്ടുമ്പോഴേക്കും പലരും പുറത്തേക്കു കടന്നു. ശ്രേയസ് അയ്യര്‍ 24 പന്തില്‍ നിന്ന് 31 റണ്‍സെടുത്തു. ബാക്ക് ഫൂട്ടില്‍ അയ്യര്‍ കളിച്ച ചില ഷോട്ടുകള്‍ മനോഹരമായിരുന്നു. ശ്രേയസ്സും മനോജ് തിവാരിയും (32) ചേര്‍ന്ന് മൂന്നാം വിക്കറ്റിന് 36 റണ്‍സെടുത്തു. തുടര്‍ന്ന് തിവാരിയും യുവരാജ് സിങും ഒത്തുചേര്‍ന്നു. ഈ കൂട്ടുകെട്ട് 37 റണ്‍സ് സംഭാവന ചെയ്തു. 21 റണ്‍സെടുത്ത യുവരാജ് ചാവ്ലക്കെതിരെ നടന്നു കയറിയപ്പോള്‍ സ്റ്റംപ് ചെയ്യപ്പെട്ടു. ആഞ്ചലോ മാത്യൂസ് (28) കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയപ്പോള്‍ അവസാനത്തെ അഞ്ചോവറില്‍ ഡിഡിക്ക് 43 റണ്‍സ് കിട്ടി. സുനില്‍ നാരായന്റെ ഒരോവറില്‍ 20 റണ്‍സ് കിട്ടി. 19ാമത്തെ ഓവറിലായിരുന്നു ഇത്. അവസാന ഓവറില്‍ ഉമേശ് യാദവ് പിശുക്കി എറിഞ്ഞപ്പോള്‍ ഡിഡിയുടെ സ്കോര്‍ 150ല്‍ താഴെ നിന്നു. എട്ടു വിക്കറ്റിന് 146 റണ്‍സ് ആയിരുന്നു സ്കോര്‍. ജീന്‍ പോള്‍ ഡുമിനി (5), മായാങ്ക് അഗര്‍വാള്‍ (1) കേദാര്‍ ജാദവ് (12), നേഥന്‍ കോള്‍ട്ടര്‍ നൈല്‍ (2) അമിത് മിശ്ര (1 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍.
മോര്‍ണെ മോര്‍ക്കല്‍, പിയൂഷ് ചാവ്ല, ഉമേശ് യാദവ് എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീഴ്ത്തി. യാദവ് നാലോവറില്‍ വിട്ടുകൊടുത്തത് 18 റണ്‍സ് മാത്രമായിരുന്നു.
ഗംഭീറും (60) യുസഫ് പഠാനും (40 നോട്ടൗട്ട്) ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കെകെആറിന്റെ വിജയമുറപ്പിച്ചത്. റോബിന് ഉത്തപ്പയും (13) മനീഷ് പാണ്ഡെയും (0) വേഗം പുറത്തായ ശേഷം സൂര്യകുമാര്‍ യാദവ് (24) ഗംഭീറിനൊപ്പം ചുവടുറപ്പിച്ചു. ചെയ്സിന്റെ ചരട് ഗംഭീറിന്റെ കൈകളില്‍ തന്നെയായിരുന്നു. വഴിതെറ്റിയ പന്തുകളില്‍ നിന്നൊക്കെ ഗംഭീര്‍ റണ്‍സ് കൊയ്തു. പോയന്റിലേക്ക് പന്തുകള്‍ കളിച്ച് യഥേഷ്ടം സിംഗിളുകള്‍ എടുക്കുകയും ചെയ്തു കെകെആര്‍ ക്യാപ്റ്റന്‍. ഇംറാന്‍ താഹിറിന്റെ പന്തില്‍ കുറ്റി പോയി പുറത്താവുകയായിരന്നു ഗംഭീര്‍.
ഫിറോസ്ഷാ കൊത്ലയില് ഡല്‍ഹിക്ക് തുടര്‍ച്ചയായി പിണയുന്ന ഒമ്പതാമത്തെ തോല്‍വിയാണിത്.