• 16 Oct 2018
  • 04: 43 PM
Latest News arrow

ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ വിശ്വാസം നേടി; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ തെലുങ്കുദേശം പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 534 അംഗങ്ങളുള്ള ലോക്‌സഭയില്‍ ആകെ 451 പേരാണ്? വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ 126 പേര്‍ മാത്രമാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 325 പേര്‍ പ്രമേയത്തെ എതിര്‍ത്താണ് വോട്ട് ചെയ്തത്. മോദി സര്‍ക്കാറിന് പ്രതീക്ഷിച്ചതിനേക്കാളും അധികം വോട്ടുകളാണ് ലഭിച്ചത്. എഐഎഡിഎംകെ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിച്ചത് മോദി സര്‍ക്കാരിന് ആശ്വാസമായി.

രാവിലെ 11 മണിയോടെയായിരുന്നു ചര്‍ച്ച ആരംഭിച്ചത്. 12 മണിക്കൂറോളം ചര്‍ച്ച നീണ്ടതിനുശേഷമായിരുന്നു വോട്ടെടുപ്പിലേക്ക് നീങ്ങിയത്. മോദി സര്‍ക്കാരിന് എതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി രാജ്യത്തെയാകെ വഞ്ചിച്ചെന്ന് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് തന്റെ കണ്ണില്‍ നോക്കാനാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രസംഗത്തിനൊടുവില്‍ മോദിയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തിട്ടാണ് രാഹുല്‍ മടങ്ങിയത്.

റഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. കരാറില്‍ രഹസ്യ ഉടമ്പടികള്‍ ഇല്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കണം. റഫേല്‍ വിമാനക്കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. കരാറിലൂടെ ആര്‍ക്കാണ് ലാഭം ഉണ്ടായതെന്ന് പ്രധാനമന്ത്രി പറയണം. മോദി ആര്‍ക്കൊപ്പമാണ് ഫ്രാന്‍സില്‍ പോയതെന്ന് എല്ലാവര്‍ക്കും അറിയാം എന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെല്ലാംപ്രധാനമന്ത്രിയും മറുപടി നല്‍കിയിരുന്നു. 

ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ  ആലിംഗത്തിനും ഉന്നയിച്ച ആരോപണങ്ങള്‍ക്കും കടുത്ത മറുപടികളാണ് മറുപടി പ്രസംഗത്തില്‍ നരേന്ദ്ര മോദി നല്‍കിയത്. അധികാരത്തില്‍ എത്താന്‍ രാഹുലിന് തിടുക്കം ആണെന്നായിരുന്നു രാഹുലിനെതിരെ മോദിയുടെ പ്രധാന ആരോപണം. ഇന്ന് രാവിലെ ഒരു അംഗം എന്റെ അടുത്തു വന്നു. സീറ്റില്‍ നിന്നും എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ എന്നു പറഞ്ഞു. അധികാരത്തില്‍ എത്താന്‍ എന്താണ് ഇത്ര തിടുക്കം എന്നായിരുന്നു രാഹുലിനെ പരിഹസിച്ച് മോദി ചോദിച്ചത്.

പ്രധാനമന്ത്രി തന്റെ കണ്ണില്‍ നോക്കുന്നില്ല എന്ന രാഹുലിന്റെ പരാമര്‍ശത്തിനും മോദി പ്രസംഗത്തില്‍ മറുപടി നല്‍കി. രാഹുലിന്റെ കണ്ണില്‍ നോക്കാന്‍ എനിക്ക് കഴിവ് ഇല്ല. കാരണം ഞാന്‍ താഴ്ന്ന കുടുംബത്തില്‍പ്പെട്ടവനാണ്. രാഹുല്‍ പ്രബലകുടുംബത്തില്‍പ്പെട്ടവനാണ്. എന്നാല്‍ ഞാന്‍ തൊഴിലാളി വര്‍ഗ്ഗത്തില്‍പ്പെട്ടവനാണ് എന്നും മോദി പറഞ്ഞു.

കൂടാതെ പ്രസംഗത്തില്‍ നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയ സംഭവാനകളെക്കുറിച്ചും മോദി സംസാരിച്ചു. 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. കള്ളപ്പണത്തിന് എതിരായ പോരാട്ടം ഇപ്പോഴും തുടരുകയാണ്. 125 കോടി ഇന്ത്യക്കാരുടെ പിന്തുണ ഞങ്ങള്‍ക്ക് ഉണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. വികസനം എന്ന മുദ്രവാക്യമാണ് സര്‍ക്കാരിന്റേത് എന്നും മോദി പറഞ്ഞു.