• 21 Sep 2018
  • 04: 20 PM
Latest News arrow

ഇംഗ്ലണ്ടിന്റെ സംഹാര താണ്ഡവം

നൊവൊഗാര്‍ഡ്:  ഗ്രൂപ്പ് ജിയില്‍ പാനമയ്‌ക്കെതിരെ ആറു ഗോളടിച്ച് അര്‍മാദിച്ച ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി. ഒപ്പം ഗ്രൂപ്പ് ജിയിലെ ബെല്‍ജിയവും പ്രീ ക്വോര്‍ട്ടറിലെത്തി. രണ്ടു മത്സരങ്ങളിലും തോറ്റ പാനമയും ടുണീഷ്യയും ലോകകപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തു.
ഒന്നാം പകുതിയില്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. ഹാട്രിക് നേടിയ ഹാരി കെയ്‌നും ഡബിളടിച്ച സ്‌റ്റോണ്‍സുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പില്‍ ആറു ഗോളടിക്കുന്നത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. ആദ്യത്തെ രണ്ടെണ്ണം പെനാല്‍റ്റിയില്‍ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരില്‍ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്‌നിന്റെ കാലില്‍ തട്ടി നെറ്റിലെത്തുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോള്‍ സമ്പാദ്യം അഞ്ചാക്കിയ കെയ്ന്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തിയിരിക്കുകയാണ്. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റൊമേലു ലുക്കാക്കുവുമാണ് പിറകില്‍.

എട്ട്, നാല്‍പത് മിനിറ്റുകളിലായിരുന്നു ജോണ്‍ സ്‌റ്റോണ്‍സിന്റെ ഗോളുകള്‍. മുപ്പത്തിയാറാം മിനിറ്റില്‍  ജെസ്സെ ലിംഗാര്‍ഡും ഇംഗ്ലണ്ടിനുവേണ്ടി വല കുലുക്കി.

ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.