• 11 Dec 2018
  • 06: 58 AM
Latest News arrow

ജെസ്‌ന കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം..

കൊച്ചി: ജെസ്‌ന തിരോധാനകേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കാണാതായ ജെസ്‌നയ്ക്ക് വേണ്ടി കാട്ടിലും കടലിലും അലഞ്ഞിട്ട് കാര്യമില്ലെന്ന് കോടതി പറഞ്ഞു. തുമ്പില്ലാതെ അന്വേഷിച്ചിട്ട് കാര്യമില്ല. സൂചനകളുടെ അടിസ്ഥാനത്തിലാകണം പൊലീസ് അന്വേഷണമെന്നും കോടതി വ്യക്തമാക്കി.

കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം  ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസ് അന്വേഷണത്തില്‍ അതൃപ്തിയറിയിച്ചത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ ജെയ്‌സ് ജോണ്‍ ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജെസ്‌നയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകള്‍ ലഭിച്ചോയെന്ന് കോടതി ചോദിച്ചപ്പോള്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. അപ്പോഴാണ് സൂചനകളൊന്നുമില്ലാതെ കാട്ടിലും കടലിലുമൊന്നും അന്വേഷിച്ചിട്ടു കാര്യമില്ലെന്ന് കോടതി പരാമര്‍ശിച്ചത്.

കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.