• 21 Sep 2018
  • 10: 40 AM
Latest News arrow

കശ്മീരില്‍ സര്‍ക്കാര്‍ വീണു; ബിജെപി-പി.ഡി.പി സഖ്യം തകര്‍ന്നു..

മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു

ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പിയുടെ നിര്‍ണായക യോഗത്തിലാണ് സര്‍ക്കാറില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചിട്ടുണ്ട്.  പ്രഖ്യാപനമുണ്ടായ ഉടന്‍ മെഹബൂബ മുഫ്തി രാജിക്കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തേക്കും.

കഠുവ സംഭവത്തിനു ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് സഖ്യത്തിന്റെ തകര്‍ച്ചയിലേക്ക് വഴിവച്ചത്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കശ്മീരില്‍ ഭരണപ്രതിസന്ധിക്ക് വഴിവയ്ക്കുന്നതാണ് ബിജെപിയുടെ തീരുമാനം. ദേശീയരാഷ്ട്രീയത്തിലും ഇത് നിര്‍ണായക വഴിത്തിരിവാകും. ബിജെപി-പിഡിപി സഖ്യമാണ് സംസ്ഥാനം മൂന്നര വര്‍ഷമായി ഭരിക്കുന്നത്.
ബിജെപിക്ക് ഇരുപത്തിയഞ്ച് എംഎല്‍എമാരും പിഡിപിക്ക് 28 എംഎല്‍എമാരുമാണുള്ളത്. ജമ്മുകശ്മീരീല്‍ നിന്നുള്ള എംഎല്‍എമാരുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രാവിലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യം പിരിയുകയാണെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നത്.