• 11 Dec 2018
  • 06: 56 AM
Latest News arrow

റഷ്യന്‍ മണ്ണില്‍ ഫുട്‌ബോള്‍ വസന്തത്തിന് ഇന്നു കിക്കോഫ്

റഷ്യന്‍ മണ്ണില്‍  ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ വസന്തത്തിന് ഇന്നു കിക്കോഫ്. ലോക ഫുട്‌ബോളിലെ വിപ്ലവനക്ഷത്രങ്ങള്‍ കാല്‍ചലനങ്ങള്‍കൊണ്ട് ഇനി ഒരു മാസം ലോകത്തെയൊന്നാകെ ത്രസിപ്പിച്ചു നിര്‍ത്തും. മണ്ണും വെള്ളവും മനുഷ്യര്‍ ഒരുപോലെ പങ്കിട്ടെടുത്ത മണ്ണില്‍ ഒരു പന്തിന് പിന്നാലെയാകും ലോകം. 22 പേര്‍ മൈതാനത്തും, പതിനായിരങ്ങള്‍ ഗാലറിയിലും കോടിക്കണക്കിനു പേര്‍ ടിവിയിലൂടെയും അതിനെ പങ്കിട്ടെടുക്കും.

ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിലെ എതിരാളികള്‍. വസന്തത്തിന്റെ ഇടിമുഴക്കമായി ജൂലൈ 15നു ലുഷ്‌നികിയില്‍ തന്നെ തിരിച്ചെത്തും. 21 ാം ലോകകപ്പിലെ ജേതാവിനെ ലോകം അന്നറിയും.

ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീല്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിര്‍ത്താനാണു ജര്‍മനിയുടെ വരവ്. രാജ്യാന്തര ഫുട്‌ബോളിലെ നിര്‍ഭാഗ്യ വിധി മാറ്റിയെഴുതാന്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന അധ്വാനിക്കുമ്പോള്‍ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാന്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉല്‍സാഹിക്കും.

ബല്‍ജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകള്‍ ഒളിപ്പോരാളികളെപ്പോലെ എതിര്‍പാളയങ്ങളില്‍ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്!ലന്‍ഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകള്‍ക്കു പിന്തുണയും പിന്‍ബലവുമായി ലോകമെമ്പാടുമുള്ള ആരാധകരും റഷ്യയിലേക്ക് നോക്കിയിരിക്കുകയാണ്.