• 11 Dec 2018
  • 06: 49 AM
Latest News arrow

ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹരത്തിനുള്ള അവാര്‍ഡ് അംബികാ സുതന്‍ മാങ്ങാട് എഴുതിയ 'എന്റെ പ്രിയപ്പെട്ട കഥകള്‍'ക്ക് ലഭിച്ചു. കവിതാ അവാര്‍ഡ് പി രാമന്‍ എഴുതിയ 'രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്' , നോവല്‍ അവാര്‍ഡ് രാജേന്ദ്രന്‍ എടത്തുങ്കരയുടെ 'ഞാനും ബുദ്ധനും' എന്നീ കൃതികള്‍ക്കും ലഭിച്ചതായി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അറിയിച്ചു.  ഒരു ലക്ഷം രൂപയും  ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 

കെ പി രാമനുണ്ണി, വി ആര്‍ സുധീഷ്, പി കെ ഹരികുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ചെറുകഥാ അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഡോ. കെ പി മോഹനന്‍, പി പി രാമചന്ദ്രന്‍, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി കവിതാ അവാര്‍ഡും യു കെ കുമാരന്‍, എന്‍ ശശിധരന്‍, സി പി അബൂബക്കര്‍ എന്നിവടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി നോവല്‍ അവാര്‍ഡും നിര്‍ണ്ണയിച്ചു.

2017ല്‍ പ്രസിദ്ധീകരിച്ച കൃതികളില്‍ അവാര്‍ഡിന് അയച്ച് കിട്ടിയതില്‍ നിന്നുമാണ് മികച്ചവ തെരഞ്ഞെടുത്തത്. ആധുനിക സംസ്‌കൃതിയുടെ സങ്കീര്‍ണ്ണതകളും നാടിന്റെ ചൂടും ചൂരും ഇടകലര്‍ന്നു പ്രവഹിക്കുന്നതാണ് അംബികാ സുതന്‍ മാങ്ങാടിന്റെ കഥകള്‍. ഇവയില്‍ സൂക്ഷ്മമായ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും കമ്മിറ്റി വിലയിരുത്തി.

ചിരപരിചിതമായ കാവ്യാനുശീലത്തെ വെല്ലുവിളിക്കുന്ന അപൂര്‍വ വാങ്മയങ്ങള്‍ നിറഞ്ഞതാണ് പി രാമന്റെ കവിതകളെന്ന് കവിതാ ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് 'ഞാനും ബുദ്ധനു' മെന്നാണ് കമ്മിറ്റി വിലയിരുത്തിയത്. ആലപ്പുഴയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ അവാര്‍ഡ്  വിതരണം ചെയ്യും. തീയതി പിന്നീട് അറിയിക്കും.