• 21 Jun 2018
  • 05: 16 PM
Latest News arrow

കുമ്മനം രാജശേഖരന്റേത് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍: കോടിയേരി

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയത് പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയമായതു കൊണ്ടാണു കുമ്മനത്തെ മാറ്റിയത്. അല്ലെങ്കില്‍ നല്ല സംസ്ഥാനം കൊടുക്കരുതായിരുന്നോ. 10 ലക്ഷമാണു മിസോറമിലെ ജനസംഖ്യ. തിരുവനന്തപുരം ജില്ലയില്‍ അതില്‍ കൂടുതല്‍ ജനസംഖ്യയുണ്ട്.

ശ്രീധരന്‍പിള്ളയ്ക്കായി വച്ചതാണു ഗവര്‍ണര്‍ സ്ഥാനം. കുമ്മനത്തിന്റെ സ്ഥാനനേട്ടം കേട്ടപ്പോള്‍ ശ്രീധരന്‍പിള്ളയ്ക്കു മോഹാലസ്യമുണ്ടായെന്നാണ് അറിഞ്ഞത്. സേനാനായകന്‍ നഷ്ടപ്പെട്ട പട പോലെയായി ബിജെപി. 

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപി ആയിക്കൊണ്ടിരിക്കുകയാണ്. കൈപ്പത്തിയിലാണു കേരളത്തിലും ആദ്യം താമര വിരിഞ്ഞത്. ആര്‍എസ്എസ് തലവന്റെയും എ.കെ.ആന്റണിയുടെയും ശബ്ദം ഒരു പോലെയാണ്. 91 ല്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കോലീബി (കോണ്‍ഗ്രസ്‌ലീഗ്-ബിജെപി) സഖ്യമുണ്ടായിട്ടുണ്ട്. സിപിഎം കൊലയാളി പാര്‍ട്ടിയെന്നു യുഡിഎഫും ബിജെപിയും കള്ള പ്രചാര വേല നടത്തുന്നു. ഇതുവരെ 600 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 200 പേരെ കൊന്നത് ആര്‍എസ്എസുകാരാണ്. കോണ്‍ഗ്രസും ലീഗും ചേര്‍ന്നു മറ്റുള്ളവരെ കൊലപ്പെടുത്തി. പിന്നെ തങ്ങളെ എങ്ങനെ കൊലപാതക പാര്‍ട്ടി എന്നു വിളിക്കാനാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ചെങ്ങന്നൂരില്‍ എത്തിയതായിരുന്നു കോടിയേരി.