• 21 Jun 2018
  • 05: 19 PM
Latest News arrow

കാനോന്‍ നിയമങ്ങളല്ല.. ഐ.പി.സിയാണ് കര്‍ദിനാളിന് ബാധകം: കെമാല്‍ പാഷ

തിരുവനന്തപുരം: സിറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുത്ത തന്റെ വിധിന്യായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ. കര്‍ദിനാളിന് കാനോന്‍ നിയമങ്ങളല്ല ഇന്ത്യന്‍ പീനല്‍ കോഡാണ് ബാധകമെന്നും അദ്ദേഹം തുറന്നടിച്ചു. ഹൈക്കോടതിയിലെ ന്യായാധിപന്മാരുടെ നിയമനത്തിലും കേസുകളിലെ പരിഗണനാ വിഷയങ്ങള്‍ മാറ്റുന്നതിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായോ എന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
പ്രധാനപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന വേളയിലാണ് പരിഗണന വിഷയങ്ങള്‍ മാറ്റിയത് ഓരോ ടേം നിശ്ചയിച്ച് ജഡ്ജിമാര്‍ക്ക് കേസുകള്‍ പരിഗണിക്കാനായി നല്‍കുന്ന രീതിയാണ് നിലവിലുള്ളതെന്നും   എന്നാല്‍  സമീപ കാലത്ത് ഈ ടേം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ പരിഗണന വിഷയങ്ങള്‍ മാറ്റി. ഇതിനു പിന്നിലെ ബാഹ്യഇടപെടല്‍ ജനങ്ങള്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇന്നലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഇന്ന് വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലും ഹൈക്കോടതിയിലെ വിവിധ നടപടികളുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ജഡ്ജി നിയമനത്തിനു പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയാണ്. നിയമനത്തില്‍ സുതാര്യതയില്ല. മാനദണ്ഡങ്ങള്‍ വ്യക്തമല്ല. ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേര്‍ തുറന്നുപറയുമെന്നറിയില്ലെന്നും കെമാല്‍പാഷ പറഞ്ഞു.
വിരമിച്ചശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞതു ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പായിതന്നെയാണ്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല. ആരൊക്കെ പാലിക്കുമെന്നും ഉറപ്പില്ല. തനിക്കു വാഗ്ദാനങ്ങളില്ലെന്നും ശമ്പളമുള്ള ജോലി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി