• 21 Jun 2018
  • 05: 17 PM
Latest News arrow

കാവേരിയില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം..വിധി നടപ്പാക്കാന്‍ സമയം അനുവദിച്ചു

കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ആശ്വാസം. കാവേരി വിധി നടപ്പിലാക്കാന്‍ ഉള്ള കരട് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു. മെയ് 14ന് കേന്ദ്രജലവിഭവ സെക്രട്ടറി നേരിട്ട് ഹാജരായി പദ്ധതിയുടെ കരട് സമര്‍പ്പിക്കണം. പദ്ധതിയ്ക്ക് അംഗീകാരം നല്‍കാന്‍ പത്ത് ദിവസത്തെ സാവകാശം വേണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

തമിഴ്‌നാടിന് നാല് ടിഎംസി ജലം അധികമായി കര്‍ണാടക വിട്ടു നല്‍കണമെന്ന് മേയ് മൂന്നിനാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് സമയം അനുവദിച്ചത്.

അതേസമയം കാവേരി നദിയില്‍നിന്നു അധിക ജലം തമിഴ്‌നാടിനു വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കിയിരുന്നു. നാല് റിസര്‍വോയറില്‍നിന്നായി ഒന്‍പത് ടിഎംസി ജലമാണ് കര്‍ണാടകയ്ക്കു ലഭിക്കുന്നതെന്നും ഇത് കുടിവെള്ളത്തിനും കൃഷിക്കും അപര്യാപ്തമാണെന്നും കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാടി കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചു. 
ഏകദേശം 16 ടിഎംസി ജലം ഇപ്പോള്‍ തമിഴ്‌നാടിന് അധികമായി നല്‍കുന്നുണ്ട്. കൂടുതല്‍ ജലം പങ്കുവയ്ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നും കര്‍ണാടക വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് തമിഴ്‌നാടും വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്.