പ്ലീസ്... ഇനിയെങ്കിലും മാന്യന്മാരുടെ കളിയെന്ന് പറയരുത്

സിഡ്നി: പന്തുചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലിലെ നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടെ എത്തി. അങ്ങിനെ നായക സ്ഥാനം മാത്രം ഒഴിഞ്ഞ് മുഖച്ഛായ മിനുക്കി ഐ.പി.എല്ലില്‍ വന്ന് കോടികളും വാങ്ങി താരപൊലിമ കാത്ത് സൂക്ഷിക്കാമെന്ന വ്യാമോഹം അസ്ഥാനത്തായതാണ് ആ വാര്‍ത്ത. ഐ.പി.എല്ലില്‍ പന്ത് ചുരണ്ടല്‍ വിവാദത്തിലുള്‍പ്പെട്ട താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഓസീസ് നായകന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്ണ്ണര്ക്കുമാണ് വിലക്ക്. ഈ സീസണിലേ വിലക്കേര്പ്പെടുത്തിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ഐ.പി.എല്ലില്‍ വിലക്ക് വരും മുന്‍പേ അതിനെ മറി കടക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനമാണ് വാര്‍ണര്‍ രാജിവച്ചത്. പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ ഐപിഎല്‍ നായകസ്ഥാനം രാജിവയ്ക്കുന്ന രണ്ടാമത്തെ താരമാണ് വാര്‍ണര്‍. 2013 മുതല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍ ചാംപ്യന്മാരായത് വാര്‍ണറിന്റെ ക്യാപ്റ്റന്‍സിക്കു കീഴിലാണ്. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്നു അവര്‍. മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് രാജസ്ഥാന് റോയല്‍സിന്റെ നായകസ്ഥാനവും വിവാദത്തെ തുടര്‍ന്ന് ഒഴിഞ്ഞിരുന്നു. ക്രിക്കറ്റ് എന്ന സ്വര്‍ണ്ണ മുട്ടയിടുന്ന താറാവിനെ കൊല്ലാതിരിക്കാന്‍ തത്കാലത്തേക്കെങ്കിലും ഈ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയേ പറ്റൂ എന്ന അവസ്ഥയിലാണ് ഈ തീരുമാനമെന്ന് വേണം കരുതാന്‍.
പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ വിവാദച്ചുഴലിയില്‍പ്പെട്ട സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്ട്രേലിയ നാട്ടിലേക്കു തിരിച്ചുവിളിച്ചിരുന്നു. ഇവര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജയിംസ് സതര്‍ലന്‍ഡ് ദക്ഷിണാഫ്രിക്കയില്‍ അറിയിച്ചു. പരിശീലക സ്ഥാനത്ത് ഡാരെന്‍ ലീമാന് തുടരും. വിക്കറ്റ് കീപ്പര്‍ ടിം പെയ്നിനെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കുറച്ച് കഴിഞ്ഞാണ് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരെ ഒരു വര്‍ഷത്തേയ്ക്കും, കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കും ഓസ്ട്രേലിയ വിലക്കിയത്.
മേല്പറഞ്ഞ നടപടികളെടുക്കാന്‍ എത്ര സമയമാണ് ഓസ്ട്രേലിയ എടുത്തതെന്ന് കാണാം, ഐ.സി.സി യും അതേ പോലെ തന്നെ എത്ര അയഞ്ഞ സമീപനമാണെടുക്കുന്നതെന്ന് വ്യക്തമാണ്. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മൈതാനത്തിറങ്ങുന്ന താരങ്ങള്‍ ആ രാജ്യത്തോട് മാത്രമല്ല ആ കായിക ഇനത്തോടും എത്രമാത്രം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നതിന്റെ ഉദാഹരണമാണ് പന്തിലെ കൃത്രിമം. ആധുനിക സാങ്കേതിക വിദ്യ ഇത്രമാത്രം കായികമേഖലയുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയോഗിക്കുന്ന കാലത്താണ് ഇത്രമാത്രം ഗുരുതരമായ കുറ്റകൃത്യം പരസ്യമായി നടന്നതെന്നോര്‍ക്കണം. സ്കൂള്‍ കുട്ടികളേക്കാള്‍ നിലവാരം കുറഞ്ഞ രീതിയില്‍ ലോകം മുഴുവന്‍ കണ്ട് കൊണ്ടിരിക്കുമ്പോള്‍ പന്ത് ഉര കടലാസ്സ് ഇട്ട് തേച്ച് പരുവപ്പെടുത്തുന്ന താരങ്ങളുടെ മുഖ ഭാവങ്ങളില്‍ തന്നെയുണ്ട്....ഞങ്ങള്ക്കിതൊക്കെയൊരു തമാശയാണെന്ന് ജനങ്ങളെ പറ്റിക്കുന്ന പരിപാടി.
ഇപ്പോഴുണ്ടായ താരങ്ങള്‍ക്കെതിരെയുള്ള നിസ്സാരമായ ഈ ശിക്ഷാനടപടി പോലും സൂചിപ്പിക്കുന്നത് നിരവധി തവണ ഒത്തുകളി വിവാദത്താലും മറ്റും മുഖം നഷ്ടപ്പെട്ട ക്രിക്കറ്റ് എന്ന കായിക ഇനം കേവലം വാണിജ്യപരമായി മാത്രം നിലനില്‍ക്കപ്പെടേണ്ടത് ഇതുമായി ബന്ധപ്പെട്ടവരുടെ ആവശ്യമാണെന്നാണ്്. ക്രിക്കറ്റിലെ ബിംബാരാധനയുടെ കീഴിലാണ് ഇതിനെ നിയന്ത്രിക്കുന്ന അസോസിയേഷനുകള്‍ എന്നത് തന്നെയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ആദ്യം കച്ചവടം,പിന്നെ കായിക സംസ്കാരം എന്ന നിലയിലേക്ക് അധപതിക്കുമ്പോള്‍ ഈ കായിക ഇനം എങ്ങിനെയാണ് മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കാനാവുക. ചൂതാട്ടക്കാരുടെ ഹോബി എന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. പ്രതീക്ഷയോടെ കായികരംഗത്തേക്ക് കടന്നുവരുന്ന കുരുന്നുകളുടെ മനസ്സില്‍ ക്രിക്കറ്റിനെ കുറിച്ചുള്ള ചിത്രം തന്നെ മാറിപോകും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പക്ഷേ നടപടിയെടുക്കേണ്ട അധികാര കേന്ദ്രങ്ങള്‍ ലാഭം എണ്ണിതിട്ടപ്പെടുത്തുന്ന തിരക്കിലാണെന്ന് കോടതികള്‍ പോലും നിരീക്ഷിച്ചിരുന്നു. എത്ര നാള് ഇങ്ങിനെ നവീകരിക്കപ്പെടാതെ ക്രിക്കറ്റിന് ഇങ്ങിനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യം മാത്രമാണ് ബാക്കിയാവുന്നത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ