• 21 Jul 2018
  • 03: 00 PM
Latest News arrow

വിഴിഞ്ഞം കരാര്‍ നീട്ടി നല്‍കില്ല, വൈകിയാല്‍ പിഴ ഈടാക്കും: സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ കരാര്‍ നീട്ടണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. പദ്ധതി വൈകിയാല്‍ പ്രതിമാസം 12 ലക്ഷം രൂപ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. പദ്ധതിയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാരിന്റെ ഭാഗത്ത് കൃത്യവിലോപമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. 

വിഴിഞ്ഞം പദ്ധതി അനന്തമായി നീളുന്നതു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.വിന്‍സെന്റ് എംഎല്‍എ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദേഹം. 

അദാനിക്ക് ലാഭമുണ്ടാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാര്‍ ലാഘത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

പദ്ധതിയുടെ കരാര്‍ നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കത്ത് നല്‍കിയിരുന്നു. ഓഖി ചുഴലിക്കാറ്റില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കരാര്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.