• 11 Dec 2018
  • 07: 05 AM
Latest News arrow

ദാഹം തീര്‍ക്കാന്‍ ഇനി വില കുറയും.. കുപ്പി വെള്ളത്തിന് 12 രൂപ

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍ നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്. കുപ്പിവെള്ള നിര്‍മാണ കമ്പനി ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 12 മുതല്‍ വിലക്കുറവ് നില്‍വില്‍ വരും.
വന്‍കിട കമ്പനികളില്‍ ഇപ്പോള്‍ 20 രൂപയ്ക്കാണ് കുടിവെള്ളം വില്‍പ്പനയ്ക്ക് വെക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. 
നിലവില്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ വലിയൊരു ശതമാനം വിതരണക്കാരുടെയും ചില്ലറ വില്‍പ്പനക്കാരുടെയും കമ്മീഷനാണ്. ഇടനിലക്കാരുടെ കമ്മീഷന്‍ കുറയ്ക്കുന്നതിനൊപ്പം സര്‍ക്കാരില്‍ നിന്ന് നികുതി ഇളവ് കിട്ടുമോ എന്നാണ് കുപ്പിവെള്ള നിര്‍മാതാക്കള്‍ തേടുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്ന് കുപ്പിവെള്ള നിര്‍മാക്കളുടെ സംഘടന അറിയിച്ചു. 

 കുടിവെളളത്തിന് മേല്‍ അധികതുക ചുമത്തുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത്. 
പണം കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം അത്ര ശുദ്ധജലമല്ലെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പികളില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണ് കുപ്പിവെള്ളത്തില്‍ 93 ശതമാനവുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.