• 21 Jul 2018
  • 02: 55 PM
Latest News arrow

വര്‍ക്കല ഭൂമി വിവാദം: റിപ്പോര്‍ട്ട് നല്‍കാതെ ലാന്റ് റവന്യൂ കമ്മീഷണര്‍

വര്‍ക്കല വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടും ലാന്റ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ല. ജില്ലാ കളക്ടര്‍ ഹിയറിംഗ് നടത്തട്ടേയെന്ന് കുറിപ്പ് നല്‍കി. ക്രമക്കേട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ ലാന്റ് റവന്യൂ കമ്മീഷണര്‍ ഒഴിഞ്ഞു മാറി. ഇതില്‍ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി വ്യക്തിക്കു സബ്കലക്ടര്‍ പതിച്ചുകൊടുത്തുവെന്ന പരാതിയിന്മേല്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറോട് ആവശ്യപ്പെട്ടുവെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. സബ്കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടിക്കു പിന്നില്‍ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങളുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. അനധികൃതമായി സ്വകാര്യവ്യക്തി കൈവശം വച്ച 27 സെന്റ് തഹസില്‍ദാര്‍ തിരിച്ചുപിടിച്ചിരുന്നുവെന്നു മന്ത്രി പറഞ്ഞു. അതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. അവരുടെ ഭാഗം കൂടി കേട്ടു തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതു പ്രകാരം സബ്കലക്ടര്‍ അപേക്ഷ തീര്‍പ്പാക്കി. വാദിയുടെ ഭാഗം മാത്രം കേട്ടെന്ന ആക്ഷേപമാണു വന്നത്. ആ ഫയല്‍ വിളിച്ചുവരുത്തി പരിശോധിക്കാനും സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്താനും വേണ്ട നടപടികള്‍ക്കായി ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയെന്നുമാണ് മന്ത്രി അറിയിച്ചത്.