• 22 Apr 2018
  • 09: 59 AM
Latest News arrow

കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതി യുവതി, അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

മുന്നിലുള്ള വെല്ലുവിളികളെ നിശ്ചയദാര്‍ഢ്യംക്കൊണ്ട് മറികടക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. തന്റെ കുഞ്ഞിനെ പരിപാലിച്ച് പരീക്ഷ എഴുതുന്ന അഫ്ഘാന്‍ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റുയര്‍ത്തി വിട്ടിരിക്കുകയാണ്.  ജഹാന്‍ ടാബ് എന്ന 25 കാരിയാണ് സമൂഹമാധ്യമങ്ങളുടെ ആദരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 

അഫ്ഘാനിസ്ഥാനിലെ ഡെക്കുന്ദി പ്രവിശ്യയിലാണ് സംഭവം. നില്ലി സിറ്റിയിലെ നസീര്‍ഖോസ്‌റൗ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു ജഹാന്‍ ടാബ്. രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായാണ് ജഹാന്‍ പരീക്ഷക്കെത്തിയത്. പരീക്ഷ എഴുതുന്നതിനിടെ കുഞ്ഞ് കരച്ചില്‍ത്തുടങ്ങി. ഉടന്‍ത്തന്നെ കസേരയില്‍ നിന്നിറങ്ങി നിലത്തിരുന്ന ജഹാന്‍ കുഞ്ഞിനെ മടിയില്‍ വെച്ചാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. പരീക്ഷ എഴുതുന്നതിനിടെ കുഞ്ഞിന്റെ കരച്ചില്‍ മാറ്റാനും ജഹാനായി. 

തന്റെ മുന്നില്‍ നടക്കുന്ന ശക്തമായ ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ പരീക്ഷ ചുമതലയുണ്ടായിരുന്ന യഹ്യ ഇര്‍ഫാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എടുത്ത ചിത്രങ്ങളെല്ലാം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥ പോസ്റ്റ് പിന്നീട് ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്‌തെങ്കിലും ചിത്രങ്ങള്‍ അതിനിടയ്ക്കുത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 
മാതൃകാപരം, ഐതിഹാസികം എന്നിങ്ങനെയാണ് ചിത്രത്തെ സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 

മൂന്ന് കുട്ടികളുടെ മാതാവാണ് ജഹാന്‍. ആറ് മണിക്കൂര്‍ യാത്ര ചെയ്താണ് ജഹാന്‍ പരീക്ഷക്ക് എത്തിയത്. എന്‍ട്രന്‍സ് പരീക്ഷ പാസായി യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചെങ്കിലും ഫീസ് അടയ്ക്കാന്‍ വഴിയില്ലാത്തതാണ് ഈ യുവതിയെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. പാവപ്പെട്ട ഒരു കര്‍ഷകനാണ് അവരുടെ ഭര്‍ത്താവ്. 

അതേസമയം ബ്രിട്ടീഷ് സംഘടനയായ അഫ്ഘാന്‍ യൂത്ത് അസോസിയേഷന്‍ ജഹാന്റെ പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സമാന വെല്ലുവിളികള്‍ നേരിടുന്ന ആയിരക്കണക്കിന് അഫ്ഘാന്‍ യുവതികള്‍ക്ക് മാതൃകയാണ് ജഹാന്‍ എന്നാണ് സംഘടനയുടെ അഭിപ്രായം.