• 11 Dec 2018
  • 06: 56 AM
Latest News arrow

കുഴഞ്ഞു വീണ ജയലളിത ആശുപത്രിയില്‍ പോവാന്‍ വിസമ്മതിച്ചു: ശശികലയുടെ വെളിപ്പെടുത്തല്‍

ശുചിമുറിയില്‍ കുഴഞ്ഞു വീണ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ലെന്ന് തോഴി ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷന്‍ മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്‍. 

അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ചത് ജയലളിതയെ മാനസികബുദ്ധിമുട്ടിലാക്കിയിരുന്നെന്ന് ശശികല പറഞ്ഞു. തന്റെ ബന്ധുവായ ഡോ.കെ എസ് ശിവകുമാറിനെ വിളിച്ച് ആംബുലന്‍സ് വീട്ടിലെത്തിച്ചാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചത്. 

ഒ പനീര്‍ശെല്‍വം, എം തമ്പിദുരൈ തുടങ്ങിയ എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് നാലു തവണ ജയലളിതയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ജയലളിതയെ കണ്ട് സംസാരിച്ചിരുന്നുവെന്നും ശശികല വെളിപ്പെടുത്തി.  

മൂന്നു മാസക്കാലത്തെ ആശുപത്രി വാസത്തിനിടെ തങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ലെന്ന് നേരത്തെ പനീര്‍ശെല്‍വമടക്കമുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. 

ജയലളിതയുടെ മരണത്തെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.