• 23 Sep 2023
  • 03: 54 AM
Latest News arrow

വിവാദങ്ങള്‍ക്കിടെ ദേശീയ ഗെയിംസ്

തിരുവനന്തപുരം: ദേശീയ ഗെയിംസിനെച്ചൊല്ലി വിവാദങ്ങളുയര്‍ന്നതില്‍ അത്ഭുതമില്ല. കൗണ്ട്ഡൗണ്‍ തുടങ്ങിയതുമുതല്‍ വിവാദങ്ങളുടെ കൗണ്ട്ഡൗണും സമാനമായി തുടങ്ങിയിരുന്നു. ഗെയിംസ് തുടങ്ങാന്‍ ഇനി മൂന്നാഴ്ചയേ സമയമുള്ളൂ.

ഇന്ത്യയില്‍ ഏതു കായിക മേളയാണ് വിവാദങ്ങളുടെ അകമ്പടിയോടെയല്ലാതെ അരങ്ങേറിയിട്ടുള്ളത് എന്ന് വേണമെങ്കില്‍ ചോദിക്കാം. കോമണ്‍വെല്‍ത്ത് ഗെയിംസ് അതിന്റെ ഒരുക്കങ്ങളിലെ പിടിപ്പുകേടുകൊണ്ടും ധൂര്‍ത്ത്‌കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സുരേഷ് കല്‍മാഡിക്ക്  ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നു. ബ്രസീലിലെ ലോകകപ്പ് ഫുട്‌ബോള്‍ വേദികളില്‍ ചിലതു പോലും കളി തുടങ്ങുംമുമ്പ് തയ്യാറാവാത്ത സ്ഥിതിക്ക് കേരളത്തിന്റെ കാര്യം പറയേണ്ടതുണ്ടോ?

കേരളത്തിലെ ഏഴു പട്ടണങ്ങളിലായി 35 ഇനങ്ങളിലാണ് 35ാമത് ഗെയിംസിലെ മത്സരങ്ങള്‍ നടക്കുന്നത്. ജനവരി 31ന് ആരംഭിച്ച് ഫെബ്രുവരി 1 ന് സമാപിക്കും. ലോണ്‍ ബൗള്‍സ്, നെറ്റ് ബോള്‍, വൂഷൂ, റഗ്ബി തുടങ്ങിയ മത്സരങ്ങളും ജനപ്രിയ ഇനങ്ങളോടൊപ്പമുണ്ട്.

മത്സരവേദികള്‍ യഥാസമയം തയ്യാറാകാത്തതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന പിരപ്പന്‍കോട്ടെ സ്വിമ്മിങ് പൂള്‍ ഇനിയും പൂര്‍ണമായി സജ്ജമായിട്ടില്ല. ഇത് ഒരു ഉദാഹരണം. കൊല്ലം ആശ്രാമത്ത് ഹോക്കിയുടെ വേദിയും പൂര്‍ത്തിയാവാതെയാണ് കിടക്കുന്നത്. അനാവശ്യമായ പണച്ചെലവ് ഗവണ്‍മെന്റ് പക്ഷത്തുനിന്നു തന്നെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.

ഗെയിംസിന്റെ പ്രചാരണത്തിനായി നടത്തുന്ന 'റണ്‍ കേരള റണ്‍' എന്ന പരിപാടി 10.62 കോടി നല്‍കി ഒരു ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തെ ഏല്പിച്ചതാണ് വലിയ തര്‍ക്കവിഷയമായത്.

അതേ സമയം, മത്സര വേദികള്‍ ജനവരി 15ഓടെ പൂര്‍ത്തിയാവുമെന്നും തങ്ങള്‍ സജ്ജരായിക്കഴിഞ്ഞുവെന്നും ഗെയിംസിന്റെ പ്രിന്‍സിപ്പല്‍ കോഓഡിനേറ്ററും ചീഫ് കമ്മീഷണറുമായ ജേക്കബ് പുന്നൂസ് പറയുന്നു. അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഉദ്യോഗസ്ഥരെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി. എന്തെങ്കിലും വ്യക്തമായി ചൂണ്ടിക്കാട്ടിയാല്‍ അത് അന്വേഷിക്കാമെന്നും അദ്ദേഹം പറയുന്നു.
 
എന്നാല്‍, ജനവരി 15ഓടെ ഒരുക്കങ്ങള്‍ പൂര്‍ത്തായാവുമെന്ന് ഗെയിംസിന്റെ പ്രിന്‍സിപ്പല്‍ കോഓഡിനേറ്ററും ചീഫ് കമ്മീഷണറുമായ ജേക്കബ് പുന്നൂസ് അറിയിച്ചു.